ത്രിശങ്കു !!

Posted: September 2, 2013 by Sankar Vijayakumar in Malayalam
Tags: , , , , ,
Heaven Hell

Heaven or Hell ??

ശരീരത്തിനു ഒട്ടും ഭാരം തോന്നുന്നില്ല. കണ്ണ് തുറന്നു നോക്കുമ്പോള്‍ മുന്നില്‍ ഭീമാകാരമായ 2 കവാടങ്ങള്‍, മര്യാദക്ക് പറഞ്ഞാല്‍ വലിയ 2 വാതിലുകള്‍. രണ്ടും അടഞ്ഞു കിടക്കുകയാണ്. വലത് വശത്തെ വാതിലില്‍ അല്പം മാറാലയും പൊടിയും ഒക്കെയുണ്ട്, തുറന്നിട്ട്‌ ഒരുപാടു നാളുകള്‍ ആയത്‌ പോലെ. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു കാര്യം മനസിലായി, വാതിലുകള്‍ക്ക് താക്കോല്‍ പഴുതില്ല, ATM കൗന്ടെറില്‍ കാണുന്നത്‌ പോലെ കാര്‍ഡ് ഇടാന്‍ വേണ്ടി നെടുകെ നീളത്തില്‍ 2 ദ്വാരങ്ങള്‍ മാത്രം, വാതിലുകള്‍ക്ക് നടുക്കായി കൊത്തു പണികള്‍ നിറഞ്ഞ ഒരു കസേരയും മേശയും. മുന്നില്‍ മേശയുള്ളത് കൊണ്ട്‌ സിംഹാസനം എന്നു പറയാന്‍ പറ്റില്ല.

അടുത്തേക്ക്‌ ചെന്നപ്പോള്‍ കസേരയില്‍ ഒരാള്‍ പ്രത്യക്ഷപെട്ടു. പുരാണ സീരിയലുകളില്‍ കാണുന്ന മന്ത്രിയുടേത് പോലുള്ള വസ്ത്രധാരണം.
“എങ്ങോട്ടാ?”
“അങ്ങനെ ഒന്നുമില്ല. ഇതേതാ സ്ഥലം?”

പുച്ചത്തില്‍ ഒന്നു ചിരിച്ചിട്ട്‌: “അപ്പോള്‍ കാര്യങ്ങളൊന്നും അറിഞ്ഞില്ല അല്ലേ?”
“ഇല്ല. എന്താ?”
“വലത് വശത്ത്‌ കാണുന്നത്‌ സ്വര്‍ഗം. ഇടത്‌ നരകം.”
“!!!! അപ്പോള്‍ ഞാന്‍? എപ്പോഴായിരുന്നു?”
“ഇന്നു… ഇന്നു രാവിലെ പതിനൊന്നരക്ക്‌…”
“ഓഹ്…”
“തന്റെ അവിടുത്തെ പ്രോജെക്റ്റ്‌ കഴിഞ്ഞു. ഇനി അവിടെ തന്റെ ആവശ്യം ഇല്ല. ഇപ്പോള്‍ മൊത്തത്തില്‍ ഒരു ധാരണ കിട്ടി കാണുമല്ലോ അല്ലേ?”
“സാര്‍ ആരാ? മനസിലായില്ല.”
“ഞാനാ Resource Manager.”
“പേര്‌?”
“ഗുപ്തന്‍. ചിത്രഗുപ്തന്‍.”
“(ജെയിംസ്‌ ബോണ്ട്‌ ഇവിടെയും ഇറങ്ങിയോ?) എനിക്ക്‌ സ്വര്‍ഗം തന്നെയല്ലേ?”
“നിനക്കൊക്കെ സ്വര്‍ഗം തന്നാല്‍ എന്റെ പണി കൂടെ പോകും. ഇടത്തോട്ടു പൊയ്ക്കോ. ഇതാ ‘Acess Card’. ഇതു കൊണ്ട്‌ നരകത്തില്‍ മാത്രമേ പ്രവേശനമുള്ളൂ. വെറുതെ മറ്റെ വാതിലിലിട്ടു ഉരച്ചുരച്ചു സമയം കളയണ്ട.”
“അതിനു ഞാന്‍ അത്രക്ക്‌ പാപങ്ങളൊന്നും ചെയ്തിട്ടില്ലല്ലോ!”
“ഇതാ തന്റെ Detailed Report. ഇതില്‍ പച്ച മഷിയില്‍ ഉള്ളത് പുണ്യം, ചുവപ്പ്‌ പാപം.”

മൊത്തത്തില്‍ ഒന്നു മറിച്ചു നോക്കിയതിനു ശേഷം:
“ഇതു മുഴുവന്‍ ചുവപ്പാണല്ലോ.. ഞാന്‍ ചിന്തിച്ചതും കണ്ടതും കേട്ടതും എല്ലാം ചുവപ്പിലാണല്ലോ..!!”
“ഈ കണ്ടതും കേട്ടതും വച്ച് പലതും തനിക്ക്‌ ചെയ്യാമായിരുന്നു, പക്ഷേ ചെയ്തില്ല. അതാ അതൊക്കെ ചുവപ്പിലായത്. പിന്നെ ചിന്തിച്ചത്‌, അമ്മാതിരി ചിന്തകളൊക്കെ ചുവപ്പിലെ വരുകയുള്ളൂ. ”
“(ഈശ്വരാ! ഇവിടെയും തേപ്പാണല്ലോ!!) ഒരു സംശയം ചോദിച്ചോട്ടെ?”
“ചോദിച്ചോ.. പക്ഷേ പെട്ടന്നു വേണം.”
“ഈ ജ്യോതിഷം സത്യമാണോ?”
“അതേ. ജ്യോതിഷം മാത്രമല്ല, ഒട്ടുമിക്ക ശാസ്ത്രങ്ങളും സത്യമാണ്‌,”
“അപ്പോള്‍ എന്നെ അങ്ങോട്ട്‌ വിടുന്നതിനു മുമ്പ് ഞാന്‍ എന്തൊക്കെ ചെയ്യണം ചെയ്യേണ്ട എന്നു തീരുമാനിച്ചു വച്ചിരിക്കുമോ?”
“സംശയം വേണ്ടാ.. എപ്പോള്‍ തുമ്മണം എന്നു പോലും പണ്ടേ ഇവിടെ എഴുതി വച്ചിട്ടാ അങ്ങോട്ട്‌ വിടുന്നത്‌.”
“അങ്ങനെ ആണേല്‍ ഇതൊക്കെ എങ്ങനെ എന്റെ കുറ്റങ്ങള്‍ ആകും? ”
“കൊള്ളാം. നല്ല ചോദ്യം. മോന്‍ ഇതൊക്കെ എവിടുന്നു പഠിച്ചു?”
“അതൊക്കെ പഠിച്ചു. ഞാന്‍ B.Tech ആണ്.”
“ശ്ശൊ! ഞാന്‍ അറിഞ്ഞില്ല! ഒന്നു പോടാ ചെറുക്കാ!”
“ഇവിടെയും നമ്മടെ ചോദ്യത്തിനു ഒരു വിലയും ഇല്ലേ?”
“ഈ സ്വര്‍ഗവും നരകവും എന്താണെന്ന് അറിയാമോ?”
“സ്വര്‍ഗം വന്‍ സെറ്റപ്‌ ആണ്, നരകം മഹാ കൂതറയാണ്, മുഴുവനും പാമ്പും പുഴുവും ഒക്കെയാണ്.”
“തിരുവനന്തപുരം?”
“അതേ. തിരുവന്തോരം. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ?”
“മുഴുവനും ശരിയല്ല ട്രെയിനിലെ Executive Compartment ഉം നല്ല തിരക്കുള്ള Second Class Compartment ഉം പോലെയാണ് സ്വര്‍ഗവും നരകവും. ഇവിടുത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാവും ഭൂമിയിലെ ജീവിതം. അതായത്‌ ഇവിടെ നല്ലത് ചെയ്താല്‍ ഭൂമിയിലും നല്ലത് തിരിച്ചു വരുമ്പോള്‍ സ്വര്‍ഗം കിട്ടും, അല്ലേല്‍ നരകം.”
“അപ്പോള്‍ പുനര്‍ജന്മം ഉണ്ടോ?”
“ഉണ്ടല്ലോ..”
“ഇപ്പോള്‍ എന്തു കൊണ്ടാ മനുഷ്യരുടെ എണ്ണം വളരെ അധികമായികൂടുന്നത്‌?”
“പകരം മൃഗങ്ങളുടെ എണ്ണം കുറഞ്ഞല്ലോ. അവര്‍ക്കെന്താ ജീവന്‍ ഇല്ലേ? പുനര്‍ജന്മം വേണ്ടേ? പണ്ട് നന്മ ചെയ്താല്‍ മനുഷ്യ ജന്മം കൊടുക്കുമായിരുന്നു. ഇപ്പോള്‍ പ്ലാന്‍ മാറ്റി. നന്മ ചെയ്താല്‍ ഏതെങ്കിലും വലിയ വീട്ടിലെ മുന്തിയ ഇനം പട്ടിയായി ജനിക്കാം. അതാകുമ്പോള്‍ ഒന്നും അറിയണ്ടാ, ഒന്നും ചെയ്യണ്ടാ. ഇടയ്ക്കിടയ്ക്കുള്ള injection ഒഴിച്ചാല്‍ പരമ സുഖമല്ലേ. പിന്നെ കുറച്ചു സ്വാതന്ത്ര്യക്കുറവുണ്ട്. അതൊരു വലിയ കുറവാണെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ചു സുരക്ഷിതത്വം കൂടുതലാണ്. വല്ല ഹോട്ടലിലും ചിക്കന്റെയോ ബീഫിന്റെയോ കൂടെ പ്ലേറ്റില്‍ ഇരിക്കുന്നതിലും ഭേദമല്ലേ. പിന്നെ ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ !!”

“ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ….”
“ആ.. മതി! ബാക്കി അകത്തു പോയി പാടിക്കോ. അതാകുമ്പോള്‍ കുറച്ചു കൂടി ഫീല്‍ കിട്ടും.”

“മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍. ആഹ്, പോട്ടെ.. നരകമെങ്കില്‍ നരകം. ഒരു ആഗ്രഹം പറഞ്ഞോട്ടെ?”
“ചുമ്മാ പറ.”
“ആ സ്വര്‍ഗത്തിന്റെയും നരകത്തിന്റെം വാതിലുകള്‍ ഒരുമിച്ചു ഒന്നു തുറന്നിടാമോ? ഒരു ഫോട്ടോ.. അല്ല, വെറുതെ ഒന്നു കാണാനാ”
“ശരി. ഇതാ കണ്ടോ.”

വളരെ ഉച്ചത്തില്‍ ശബ്ദിച്ച്, മാറാലകള്‍ പൊട്ടിച്ചു കൊണ്ട്‌ സ്വര്‍ഗ വാതില്‍ തുറന്നു. കാടു കയറിയ ഒരു സ്ഥലം പോലെ അവിടം കാണപ്പെട്ടു. പണ്ടെങ്ങോ കെട്ടിയ കുരുത്തോല കെട്ടുകള്‍ വാടി കരിഞ്ഞു ചാര നിറമായിരിക്കുന്നു.

“ഇനി നിനക്കു പോകേണ്ട സ്ഥലം, ഇതാ കണ്ടോ…”

വളരെ അനായാസമായി നരകത്തിന്റെ വാതിലുകള്‍ തുറന്നു. ശബ്ദം നന്നേ കുറവായിരുന്നു, സ്ഥിരമായി തുറക്കാറുള്ള വാതില്‍ പോലെ. വളരെ നല്ല ഒരു വഴി അവിടെ വ്യക്തമായി കാണപെട്ടു.

“ഇതെന്താ ഇങ്ങനെ? സ്വര്‍ഗത്തിലേക്കുള്ള വഴി കാടു കേറി കിടക്കുന്നു,.. നരകത്തിലേക്കുള്ള വഴി നന്നായി ഇരിക്കുന്നു…”
“ആള്‍ സഞ്ചാരമുള്ള വഴിയില്‍ പുല്ലു കിളിര്‍ക്കില്ല!!”

അകത്തേക്ക്‌ കടന്നതും വാതില്‍ താനെ അടഞ്ഞു. അധികം താമസിയാതെ വെളിച്ചവും കുറഞ്ഞു തുടങ്ങി. ‘എന്താ’,’ഏതാ’ എന്നു ഒരു പിടിയും കിട്ടാത്ത അവസ്ഥ. അരണ്ട വെളിച്ചത്തില്‍ ഒരു നിഴല്‍ അടുത്തേക്ക്‌ വരുന്നതായി തോന്നി. അടുക്കുംതോറും അതിനു ആഴമേറി വന്നു, ഒരുപാട് മുത്തശ്ശി കഥകള്‍ മനസ്സില്‍ മിന്നി മറഞ്ഞു, ഒപ്പം ഒരുപാടു ചോദ്യങ്ങളും. ഒടുവില്‍ രണ്ടും കല്പ്പിച്ചങ്ങു ചോദിച്ചു:

“ഞാന്‍ ഇവിടെ പുതിയതാ. ഇപ്പോള്‍ എത്തിയതെയുള്ളൂ. ” നിഴല്‍ ഇപ്പോള്‍ ചലിക്കുന്നില്ല. “എന്തു ചെയ്യണം, എങ്ങോട്ട്‌ പോകണം എന്നറിയില്ല.”

“ഭാഗ്യവാന്‍! ഇന്നു എന്തായാലും രക്ഷപെട്ടു. ഇന്നിവിടെ ഒന്നും നടക്കില്ല. ഞങ്ങള്‍ നടത്തില്ല. ഇന്നിവിടെ ഹര്‍ത്താലാണ്. ഹര്‍ത്താല്‍!!”

“ഹര്‍ര്‍ര്‍… ഹര്‍ത്താലോ? ഇവിടെയോ? എന്തിനാ?”

“യമന്‍ രാജി വയ്ക്കണം. ഇത്ര മാത്രം കുറ്റ കൃത്യങ്ങള്‍ ചെയ്തിട്ടും ഇപ്പോഴും ഭരണത്തില്‍ തുടരുവല്ലേ. അതിനെതിരെ ആണ് ഈ ഹര്‍ത്താല്‍.”

“എന്താ കുറ്റം?”

“കൊലക്കുറ്റം!!!”

Advertisements
Comments
 1. യമൻ രാജി വെക്കണം. അത് കലക്കി. ഒരു ജുഡീഷ്യൽ അന്വേഷണം കൂടെ പ്രഖ്യാപിക്കണം

  Like

 2. suslovjb says:

  “കൊലക്കുറ്റം!!!” cool…

  Like

 3. nirmalkv says:

  kollameda kollam 😀

  Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s