PIANO…

Posted: April 10, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
Piano..

Piano…

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാനും ചേട്ടനും സ്കൂളില്‍ പഠിക്കുന്ന കാലം.. ഒരു ദിവസം സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു: “ഇന്ന് നിങ്ങള്‍ രണ്ടു പേരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം അച്ഛന്‍ വാങ്ങിക്കൊണ്ട് വന്നിട്ടുണ്ട്. അച്ഛന്‍ കൂടി വന്നിട്ട് കാണിക്കാം. ഞാനും ചേട്ടനും വളരെ ആലോചിച്ചു പലതും പറഞ്ഞു നോക്കി പക്ഷെ സംഗതി അതൊന്നും അല്ലായിരുന്നു. ഒടുവില്‍ ഒരു അഞ്ചര ആറു മണിയായപ്പോള്‍ അച്ഛനെത്തി. നോക്കുമ്പോള്‍ സാമാന്യം വലിപ്പമുള്ള ഒരു കവര്‍. ക്ഷമാശീലം വളരെ കൂടുതലുള്ള പ്രായമായതിനാല്‍ കവര്‍ വളരെ പെട്ടന്നു തന്നെ അപ്രത്യക്ഷമായി.. വെള്ളയും നീലയും നിറങ്ങളില്‍ കറുപ്പും വെളുപ്പും കീകളുള്ള ഒരു ചെറിയ പീയാനോ. അന്നു വരെ ടീ വിയില്‍ മാത്രം കണ്ടിട്ടുള്ള സാധനം ഞങ്ങളുടെ വീട്ടില്‍. ചെറുതാണെങ്കിലും ഓരോ കീ അമര്‍ത്തുമ്പോഴും ഓരോ ശബ്ദം, കൂടാതെ റെക്കോര്‍ഡ് ചെയ്ത മ്യൂസിക്‌ വേറെ. ഇതൊന്നും പോരാഞ്ഞിട്ട് ഒരു ചെറിയ മൈക്കും . പോരേ പൂരം. ഞാനും ചേട്ടനും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അന്നു ഞാന്‍ മൂന്നാം ക്ലാസ്സിലും ചേട്ടന്‍ എഴാം ക്ലാസ്സിലും. “റോക്ക് ആന്‍ഡ്‌ റോള്‍” ല്‍ സുരാജ്‌ കാണിക്കുന്നത്‌ പോലെ കണ്ണില്‍ കാണുന്ന കീ എല്ലാം തോന്നിയ പോലെ അമര്‍ത്തി ആകെ ബഹളം. അന്നത്തെ ദിവസം പിന്നെ അതു താഴെ വച്ചില്ല. 2 ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരന്‍ വീട്ടില്‍ വന്നു.. ആളു ഒടുക്കത്ത പിയാനോക്കാരന്‍.. ഏതു പാട്ട്‌ പറഞ്ഞാലും പുഷ്പം പോലെ വായിച്ചു കാണിച്ചു.. അന്നെനിക്കു മനസിലായി ഞങ്ങളുടെ ആ ചെറിയ പിയാനോയിലും സിനിമാ പാട്ട് വായിക്കാമെന്ന്.. “ചിന്ന ചിന്ന ആസൈ.., . സാരെ ജഹാം സെ അച്ഛാ” – ഈ രണ്ടു പാട്ടിന്റെയും കീകള്‍ (വേണേല്‍ “നോട്സ്” എന്നും പറയാം) ചേട്ടന്‍ എഴുതിയെടുത്തു.. പിന്നീട് എപ്പോഴോ അതിലെ ആദ്യത്തെ റികാര്‍ഡ്‌ ചെയ്തു വച്ചിരിക്കുന്ന മ്യൂസിക് ആയ “ട്വിംകിള്‍ ട്വിംകിള്‍ ലിറ്റില്‍ സ്റ്റാര്‍” ന്റെ നോട്സും ചേട്ടന്‍ കണ്ടു പിടിച്ചു തന്നു..

സംഗീതം ഒരു മഹാ സാഗരമാണ്‌. ഞാന്‍ അതിന്റെ തീരത്ത് നിന്ന് കുറച്ചു ദിവസം കല്ലും മണ്ണും വാരി എറിഞ്ഞു, എന്നിട്ട്‌ മടുത്തപ്പോള്‍ പൊടീം തട്ടി എഴുന്നേറ്റ്‌ പോയി. അങ്ങനെ പിയാനോ പൊടി പിടിച്ചു തുടങ്ങി..

ഒടുവില്‍ മൊബൈല്‍ യുഗം വന്നെത്തി.. നോക്കിയായുടെ കീ കീ റിങ്ങ്‌ടോണ്‍ മൊബൈലുകളാണ് ആദ്യം പോപ്പുലറായത്.. അന്നത്തെ മൊബൈല്‍ ഹീറോ നോക്കിയാ 6600 – 1.3 എംപീ ക്യാമറ, ബ്ലൂടൂത്ത്‌, എംപീ3, കൂടാതെ വീഡിയോ റികാര്‍ഡിംഗ്.. കീ കീ റിങ്ങ്‌ടോണ്‍ ഉള്ള ഫോണുകളെ മോണോ ഫോണിക് എന്നും കുറച്ചു കൂടി നല്ല സൌണ്ട് ഉള്ളതിനെ പോളി ഫോണിക് എന്നും വിളിച്ചിരുന്നു… കളര്‍ ഡിസ്‌പ്ലേ – പോളി ഫോണിക് ഫോണുകള്‍ക്ക് അന്ന് വന്‍ ഡിമാന്റ്‌ ആയിരുന്നു… അങ്ങനെ ചേട്ടന്റെ നിര്‍ബന്ധം കൊണ്ട്‌ എന്റെ വീട്ടിലും വന്നു 2 ഫോണുകള്‍ നോക്കിയാ 1100 ടോര്‍ച്ച് ഉള്ള ഫോണും പിന്നൊരു സെക്കന്‍ഡ് ഹാന്‍ഡ് നോക്കിയാ 3310 യും.. പുതിയ ഫോണ്‍ ചേട്ടനും പഴയത് അച്ഛനും.. അങ്ങനെ ഒരിക്കല്‍ അതിലെ കമ്പോസര്‍ എന്റെ കണ്ണില്‍ പെട്ടു.. പണ്ട് പിയാനോയില്‍ കാണിച്ചത്‌ പോലെ തോന്നിയ പോലെ കുറേ മുസികും കമ്പോസ് ചെയ്തു… ഒരു ദിവസം പഴയ “ട്വിംകിള്‍ ട്വിംകിള്‍ ലിറ്റില്‍ സ്റ്റാര്‍” അന്ന് പിയാനോയില്‍ അമര്‍ത്തിയ ഓര്‍മ്മയില്‍ ഫോണില്‍ ഒന്നു പരീക്ഷിച്ചു നോക്കി.. പ്ലേ ചെയ്തപ്പോള്‍.. ഹായ് .. കീ കീ ശബ്ദത്തില്‍ “ട്വിംകിള്‍ ട്വിംകിള്‍ ലിറ്റില്‍ സ്റ്റാര്‍”.. കുറച്ചു നാളുകള്‍ അതും ഒരു പരീക്ഷണ വസ്തുവായി…

സംഗീതം ഒരു മഹാ സാഗരമാണ്‌. ഞാന്‍ അതിന്റെ തീരത്ത് നിന്ന് കുറച്ചു നേരം കാറ്റ് കൊണ്ടു, എന്നിട്ട്‌ മടുത്തപ്പോള്‍ തിരികെ വീട്ടില്‍ പോയി. മൊബൈല്‍ കമ്പോസര്‍ പരീക്ഷണങ്ങള്‍ യഥാകാലം മാഞ്ഞു പോയി.

ഋതുക്കള്‍ മാറിക്കൊണ്ടിരുന്നു, ഒപ്പം ഞാനും.. മുന്‍പ്‌ എഴുതിയ പോലെ ഇപ്പോള്‍ ടെക്‌നോപാര്‍ക്കിലാണ്‌.. ദിവസവും വീട്ടില്‍ നിന്ന് 26 km പോയി വരുന്നു – നെടുമങ്ങാട് to ടെക്‌നോപാര്‍ക്ക്.. നെടുമങ്ങാട് എന്നു കേള്‍ക്കുമ്പോള്‍ അവിടെ ടെക്‌നോപാര്‍ക്കില്‍ ഉള്ളവര്‍ക്ക് ലോകത്തിന്റെ അറ്റം ആണെന്നൊരു ധാരണ ഉണ്ട്‌.. എനിക്കൊന്നു കാലു തെറ്റിയാല്‍.. ദേ പോയി!! അതു കൊണ്ട്‌ തന്നെ ആദ്യത്തെ കമ്പനിയില്‍ ഹര്‍ത്താലുകള്‍ എനിക്ക്‌ അവധി ദിവസങ്ങളായിരുന്നു.. രാവിലെ എഴുന്നേറ്റ്‌ ബസ് ഓടുന്നുണ്ടോ എന്നു നോക്കും, ഇല്ലെങ്കില്‍ ഫോണ്‍ എടുത്തു PMനെയും HRനെയും വിളിച്ചു പറയും..
“ഹെലോ ഞാന്‍ ശങ്കറാണ് ”
“ഇന്നു വരാന്‍ പറ്റില്ല അല്ലേ?” – മറ്റൊന്നും പറയാതെ തന്നെ ഈ ഡയലോഗ്‌ കേള്‍ക്കാം..
“ബസ് ഒന്നും ഓടുന്നില്ല..”
“എന്നാല്‍ ശെരി ലീവ് എടുത്തോ.. ഞാന്‍ ടീമിനോട് പറഞ്ഞേക്കാം..”
“ഞാന്‍ നേരത്തെ വിളിച്ചു പറഞ്ഞിട്ടുണ്ട്‌ ഇന്നു വരാന്‍ പറ്റില്ലെന്ന്”
“ഓ! ഓക്കെ… ബൈ.”
“ബൈ..”

ഫാന്‍ ഓണാക്കുന്നു.. വീണ്ടും പുതപ്പിനുള്ളിലേക്ക്.. ഇപ്പോള്‍ പക്ഷേ പണ്ടത്തെ പോലെ അല്ല.. “സാരമില്ല.. വീട്ടിലിരുന്നു വര്‍ക്ക് ചെയ്താല്‍ മതി!!” എന്നങ്ങു പറയും.. ടെക്‌നോപാര്‍ക്കില്‍ എന്തു ഹര്‍ത്താല്‍.. വര്‍ഷത്തില്‍ ആകെ 10 അവധി.. കലണ്ടറിലെ ചുവന്നു തുടുത്ത ചില മാസങ്ങള്‍ കാണുമ്പോള്‍ കൊതി തോന്നും.. അങ്ങനെ കാര്യങ്ങളൊക്കെ വളരെ സ്മൂത്ത്‌ ആയി പോകുമ്പോഴാണ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ചങ്ങാതി ഗിത്താര്‍ പഠിക്കാന്‍ പോകുന്നത്‌ ഞാന്‍ അറിഞ്ഞത്.. സംഗതി പരമ രഹസ്യമാണ്‌. ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ചത് കൊണ്ട്‌ മാത്രം പേരു പറയുന്നില്ല. എന്തായാലും ഉള്ളിന്റെ ഉള്ളില്‍ തട്ടിന്‍ പുറത്ത് കയറ്റി വച്ചിരുന്ന ആ പഴയ പിയാനോ വീണ്ടും താനെ ഓണായി..

സംഗീതം ഒരു മഹാ സാഗരമാണ്‌. ഞാന്‍ അതിന്റെ തീരത്ത് പോയി ഒന്നു കാലു നനയ്ക്കാന്‍ തീരുമാനിച്ചു.

ഇന്നാണ് ഞാന്‍ ജോയിന്‍ ചെയ്യാന്‍ പോകുന്ന ആ ദിവസം.. ചില കമ്മ്യൂണിക്കേഷന്‍ ഗ്യാപ് കാരണം 2 യു turn എക്സ്‌ട്രാ എടുത്തു ഞാന്‍ അവിടെ എത്തി.. പ്രതീക്ഷിച്ച അത്ര വലിയ ഒരു സ്ഥാപനമല്ല.. ഒരു വലിയ ഹാള്‍.. പല പല മുസിക്കല്‍ ഇന്സ്ട്രമെന്‍സിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാം.. നന്നായി ശ്രദ്ധിച്ചാല്‍ ഓരോരുത്തരും വായിക്കുന്നത്‌ എന്തൊക്കെയാണെന്ന് നമ്മുക്ക് തിരിച്ചറിയാം.. റിസപ്ഷനില്‍ ഇരുന്ന ചേട്ടന്‍ കാര്യങ്ങളൊക്കെ ചോദിച്ചു എന്നിട്ടു 2 പേജുള്ള ഒരു ഫോം എടുത്തു തന്നു.. മേശപ്പുറത്തുണ്ടായിരുന്ന അടപ്പില്ലാത്ത ഒരു പേന കൊണ്ട്‌ ഞാന്‍ എന്റെ സ്വത സിദ്ധമായ ഡോക്ടര്സ് ലിപിയില്‍ ഫോം പൂരിപ്പിച്ച് തുടങ്ങി..

“ഇവിടെ ഗിറ്റാര്‍ പഠിപ്പിക്കുന്നുണ്ടോ ?” സാമാന്യം നല്ല ബാസ്സുള്ള ഒരു പുരുഷ ശബ്ദം.
“ഉണ്ടല്ലോ..”
“മോനു ഗിറ്റാര്‍ പഠിക്കണം.. ഇവിടെ ഗിറ്റാറില്‍ എന്തൊക്കെ പഠിപ്പിക്കും ?”
“മോന്‍ ഏതു ക്ലാസ്സിലാ?”
“അവന്‍ ഫിഫ്തിലാ ” – അമ്മ.
“ആഴ്ചയില്‍ ഒരു ക്ലാസ്സാണുള്ളത് .. അര മണിക്കൂര്‍ വീതമുള്ള 8 ക്ലാസ്സുകള്‍ ആണ് ആദ്യം .. പിന്നെ 1അവര്‍ ക്ലാസസ്സ്‌..”
“ഇവിടെ എന്തൊക്കെ പഠിപ്പിക്കും? ”
“എന്തൊക്കെയാണെന്ന് ചോദിച്ചാല്‍.. ആദ്യം സ്വരങ്ങളാണ്.. അതു ഒരുവിധം ശെരിയായാല്‍ വെസ്റ്റെര്‍ണ്‍ മ്യൂസിക്കിലേക്ക് പോകും..”
“ഇവനൊന്നും അറിയില്ല.. വീട്ടിലിരുന്നു എപ്പോഴും പറയും ഗിറ്റാര്‍ പഠിക്കണമെന്ന് .. ചിലപ്പോള്‍ പെട്ടന്നു മടുത്തു നിര്‍ത്തും..” അമ്മ
“പിള്ളേരങ്ങനെ ആണല്ലോ..”
“അപ്പോള്‍ ആദ്യം 8 ക്ലാസ് അരമണിക്കൂര്‍ ആണല്ലേ?”
“അര മണിക്കൂറെ അവരിരിക്കൂ.. 9 മത്തെ ക്ലാസ് മുതല്‍ 1അവര്‍ ആണ്..”

അപ്പോഴേക്കും ഞാന്‍ ഫോം വളരെ ഭംഗിയായി പൂരിപ്പിച്ചു കഴിഞ്ഞിരുന്നു.. ഹെല്‍മെറ്റും ബാഗുമെല്ലാം ഒതുക്കി വച്ചു ഞാന്‍ ഇതാ പിയാനോ പഠനം തുടങ്ങാന്‍ പോകുന്നു.. റിസപ്ഷനില്‍ ഇരുന്ന ചേട്ടന്‍ തന്നെയാണ് നമ്മുടെ പിയാനോ മാഷ്..

“സ രി ഗ മ പ ധ നി സ.. പാടി തന്നെ വായിക്കണം.. ഓക്കെ.. continue ചെയ്തോ.. ഫിങ്ങേര്‍സ്‌ മാറരുത് .. ഓരോ സ്വരത്തിനും കറക്ട് ഫിങ്ങര്‍ തന്നെ യൂസ് ചെയ്യണം..”

തുടക്കം ഇങ്ങനെയൊക്കെ ആകും എന്നൊരു ധാരണ എനിക്ക്‌ നേരത്തെ തന്നെ ഉണ്ടായിരുന്നു.. നമ്മളെത്ര സിനിമാ കണ്ടിരിക്കുന്നു.. അല്ലെങ്കിലും ഏ ആര്‍ റഹ്മാനും ബീത്തോവനും ആകാണൊന്നുമല്ല ഞാന്‍ പിയാനോ ക്ലാസ്സില്‍ ചേര്‍ന്നത്‌.. നല്ലൊരു മ്യൂസിക് കേട്ടാല്‍ എനിക്കത് പീയാനോയില്‍ പകര്‍ത്താന്‍ പറ്റണം, അത്രേം മതി.. ഒപ്പം അല്ലറ ചില്ലറ പരീക്ഷണങ്ങളും..

പെട്ടന്നു അവിടെ ഒരു നിശബ്ദത കടന്നു വന്നു.. ഇപ്പോള്‍ ഒരു വയലിന്‍ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ.. എല്ലാവരുടെയും ശ്രദ്ധ ആ വയലിനിലാണ്‌. സര്‍ എന്തോ പറഞ്ഞു തിരുത്തി.. “ഓക്കെ സര്‍” എന്നു പറഞ്ഞപ്പോള്‍ ഒരു കിളി മൊഴി ഞാന്‍ കേട്ടു.. ഇപ്പോഴും പലരും സ്വന്തം കയ്യിഴിരിക്കുന്ന സാധനം വായിച്ചു തുടങ്ങിയിട്ടില്ല.. ചുവരിനെ ഫേസ് ചെയ്തിരിക്കുന്ന ഞാന്‍ മാത്രം 180 ഡിഗ്രീ തിരിഞ്ഞു നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് വീണ്ടും പിയാനോ വായിച്ചു.. ക്ഷമിക്കണം.. ഇനി മുതല്‍ ഞാനതിനെ കീബോര്‍ഡ് എന്നു വിളിക്കും.. അടിച്ചു മോനേ.. ഫോണ്‍ അടിച്ചു.. എങ്ങനെ തിരിഞ്ഞു നോക്കും എന്നു വിചാരിച്ചിരിക്കുമ്പോള്‍ പടച്ചോനായിട്ട്‌ വിളിച്ച ഫോണ്‍ കാള്‍.. ഞാന്‍ ഫോണ്‍ എടുത്തു പുറത്തേക്ക്‌ പോകാന്‍ ഒരുങ്ങവേ ചെറുതായി ഒന്നു തിരിഞ്ഞു നോക്കി .. ഇല്ല.. പിന്നാമ്പുറമാണ് ദര്‍ശനം.. സാരമില്ല… ഞാന്‍ പുറത്തേക്ക്‌ പോയി.. ഏതൊരു കാര്യത്തിന്ടേം 2 വശവും നമ്മള്‍ ചിന്തിക്കുകയും കാണുകയും ചെയ്യണമല്ലോ.. അതു കൊണ്ട്‌ തിരിച്ചു വരുമ്പോള്‍ ദര്‍ശന ഭാഗ്യം കിട്ടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

സംഗീതം ഒരു മഹാ സാഗരമാണ്‌. പക്ഷേ നമ്മള്‍ ബീച്ചില്‍ പോകുന്നത്‌ തിര എണ്ണാനും കാറ്റ് കൊള്ളാനും മാത്രമല്ലല്ലോ!

പുറത്ത് പതിവു പോലെ ഒരു ചെറിയ ചാറ്റല്‍ മഴ ഇല്ലായിരുന്നു.. അതേ ചാറ്റല്‍ മഴ ഇല്ലായിരുന്നു.. അധവാ മഴ ഉണ്ടായിരുന്നെങ്കില്‍ തന്നെ തൂവാന തുമ്പികള്‍ സ്റ്റൈലില്‍ ഞാന്‍ നോക്കിയാല്‍ കാണുന്നത്‌ ഐശ്വര്യാ റായീടെ കല്യാണ്‍ ജുവല്ലേര്‍സ് ഫ്ലെക്സാണ് (കല്യാണ്‍ ജുവല്ലറിക്കാര്‍ പറയുമ്പോള്‍ കല്യാണ്‍ ജുവല്ലേര്‍സിന്റെ ഐശ്വര്യാ റായീടെ പടമുള്ള ഫ്ലെക്സ് ). കാള്‍ കഴിഞ്ഞ്‌ ഞാന്‍ പതുക്കെ സ്ലോ മോഷനില്‍ അകത്തേക്ക്‌ കേറി.. “പ്ലിങ്!!!” പ്രതീക്ഷകള്‍ ആരോ ഒരു അപ ശ്രുതി വായിച്ചു നിര്‍ത്തി.. ഒരു 40-45 വയസു വരും.. ഹാക്സാ ബ്ലേഡ് കൊണ്ട്‌ ഇരുമ്പ്‌ മുറിക്കുന്ന ഭാവത്തില്‍ ഒരു അക്കന്‍ ഇരുന്നു വയലിന്‍ കമ്പികളില്‍ നീളമുള്ള ഒരു കമ്പിട്ടു ഉരക്കുന്നു.. ന്യൂ ജനറേഷന്‍ ആണെന്ന് വരുത്താന്‍ ഒരവാശ്യവുമില്ലാതെ കുറേ മേക്കപ്പ്‌ വാരി വലിച്ചിട്ടിട്ടുണ്ട്.. ചെറിയൊരു മഴ നനഞ്ഞാല്‍, എല്ലാം ഒലിച്ചു പോകും. എന്തായാലും അതു നന്നായി.. ആരും ഇപ്പോള്‍ വയലിന്‍ ശ്രദ്ധിക്കുന്നില്ല.. ഞാനും കീബോര്‍ഡില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം തുടരുന്നു..

സംഗീതം ഒരു മഹാ സാഗരമാണ്‌. ഒരെത്തും പിടിയും കിട്ടാത്ത മഹാ സാഗരം !!

Advertisements
Comments
 1. മനോ says:

  haha..katta twist…:D

  Like

 2. hamsakkoya says:

  kalip…
  40-45 vayasulla akkan irunnu…
  ennalum ente sanku… first year le workshop ni marannoo?? acksaw alleda..hacksaw blade enna parayendatu

  Like

 3. Deepakraj says:

  Kalakkiyada 😀 (Y)

  Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s