ഇന്നു പെയ്ത മഴയില്‍!!!

Posted: August 4, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
ജനല്‍ പാളികളില്‍ ഉരുണ്ട മഴത്തുള്ളികള്‍ ചിതറി കിടക്കുന്നു. ഇന്നലെ ജനലടക്കാത്തതുകൊണ്ടോ കാറ്റത്തു താനെ തുറന്നതുകൊണ്ടോ എങ്ങനെ എന്നറിയില്ല, ഇന്നെന്റെ ദിവസം ജനാലവഴി എതിരേറ്റത്‌ കോരിച്ചൊരിയുന്ന മഴയാണ്‌. കാറ്റത്തും മഴയത്തും ചെടികള്‍ ആടിയുലയുന്നു. വാഴയിലകളില്‍ നിന്ന് മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു. ഷെഡിലെ ആസ്ബെസ്റ്റോസ് ഷീറ്റില്‍ മഴ നൃത്തം ചവിട്ടുന്നത്‌ അല്പം ഉച്ചത്തിലാണ്‌. എന്നാലും ഒരു താരാട്ടു പാട്ടും മഴയുടെ താളത്തോളം വരുമെന്നു തോന്നുന്നില്ല. ഇടിയുടേയും മിന്നലിന്റെയും അകമ്പടി ഇല്ലാതെ ഒറ്റക്ക് വരുന്ന മഴക്കേ ഇപ്പറഞ്ഞ സംഗീതബോധം ഉള്ളതായി തോന്നിയിട്ടുള്ളൂ.

മതിലിനപ്പുറം പല നിറത്തിലും ഭാവത്തിലുമുള്ള കുടകള്‍ നടന്നു പോകുന്നു. ഹെല്‍മെറ്റിലും മഴകോട്ടിലും പ്ലാസ്റ്റിക്‌ കവറിലും പൊതിഞ്ഞ തലകള്‍ ബൈക്കോട്ടിച്ചു പോകുന്നുന്നതും കാണാം. ഒന്നുകൂടി തല തിരിച്ചു നോക്കുമ്പോള്‍ മതിലിന്റെ മറയില്ലാതെ റോഡ്‌ വ്യക്തമാണ്. വെള്ള ഉടുപ്പിട്ട സ്കൂള്‍ കുട്ടികള്‍ വെള്ളത്തില്‍ ചവിട്ടാതെ ചിരിച്ചു കൊണ്ട്‌ നടക്കുന്നു. ചിലര്‍ ഇടക്കിടെ കൈനീട്ടി മഴത്തുള്ളികള്‍ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

അങ്ങനെ കാഴ്ച്ചകാളൊക്കെ കണ്ടിരിക്കുമ്പോള്‍ പേരമരക്കൊമ്പ് ചെറുതായൊന്നു വിറച്ചു. ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം അവന്‍ വീണ്ടും. അവനാണോ അവളാണോ എന്നറിയില്ല. അത്യാവശ്യം നീളമുള്ള ഒരു വാഴനാരും ചുണ്ടില്‍ കടിച്ചുപിടിച്ചങ്ങനെ ഇരിപ്പാണ്‌. മഴ നനഞ്ഞു പനി പിടിക്കാതിരിക്കനാണെന്ന് തോന്നുന്നു ഒരുപാടു ഇലകളുള്ള ഒരു കൊമ്പിന്റെ താഴെയിരുന്നാണ് വിശ്രമിക്കുന്നത്‌. ചുവന്ന കണ്ണുകളും ചുറ്റുപാടും നോക്കി തല വെട്ടിക്കുന്നതും കണ്ടാലറിയാം അല്പം ധൃതിയിലാണെന്ന്. ഇടക്കെപ്പോഴോ എന്നെയും ഒന്നു നോക്കിയിട്ട്‌ ‘നിനക്കൊന്നും വേറെ പണിയില്ലെ?’ എന്ന മട്ടില്‍ വായ്നോട്ടം തുടര്‍ന്നു. 3 – 4 മാസം മുമ്പ് വരെ രാവിലെ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ എനിക്ക്‌ ശകുനം നിന്നിരുന്നത് “ഉപ്പന്‍” എന്നു പേരുള്ള ഈ പക്ഷിയായിരുന്നു. കാമുകോല ചീളുകളും, പനയോല തുണ്ടുകളും, ചകിരി കഷ്ണങ്ങളും, ചെറിയ ചുള്ളിക്കമ്പുകളും, കുഞ്ഞു വള്ളികളും എന്നു വേണ്ട വീട്‌ പണിക്കാവശ്യമായ എന്തെങ്കിലും കൊക്കില്‍ താങ്ങി പിടിച്ചു എന്നും രാവിലെ എനിക്കെതിരായി എവിടെയെങ്കിലും ഇരുപ്പുണ്ടാവും. ഒടുവില്‍ അല്പം അകലെയുള്ള കൈതക്കാടിനുള്ളിലേക്ക് പറന്നിറങ്ങി അപ്രത്യക്ഷമാകും.

ഇന്നാ കൈതക്കാടില്ല. അതിനു മുന്നിലെ ആ പഴയ വയലുമില്ല. ഒരു ദിവസം ഒരു ജെ സി ബി വന്നു എല്ലാം പിഴുതൂകളഞ്ഞു മണ്ണിട്ടു മൂടി, എന്നിട്ടു ചുറ്റും ഒരു മതിലും പണിതു. ഒരു കാലത്ത്‌ കൊയ്ത്തും വിളവും ഉണ്ടായിരുന്ന വയലായിരുന്നു അത്. “പറയന്മാര്‍” എന്നു വിളിക്കപ്പെടുന്ന ഒരു സംഘം മനുഷ്യരുടെ അധ്വാനത്തിന് വില നല്കിയ മണ്ണ്. അവരുടെ ചാമുണ്ടി ദെവിയെ ഉപാസിക്കുന്ന ഒരു കാവ്‌. കാവ്‌ വകയായി എല്ലാരും കണക്കാക്കപ്പെട്ടിരുന്ന ആ സ്ഥലം ഒരു സുപ്രഭാതത്തില്‍ എന്‍ എസ് എസ് കാര്‍ കേസ്‌ പറഞ്ഞു കൈക്കലാക്കുന്നു. പറയന്മാരുടെ വിദ്യാഭ്യാസക്കുറവ് സാഹചര്യം പോലെ ചൂഷണം ചെയ്യപ്പെട്ടു. ഇന്നവിടെ ഹൊസ്റ്റല്‍ വേണോ, ആഡിട്ടോറിയം വേണോ എന്ന വിഷയത്തില്‍ കൊടുമ്പിരി കൊണ്ട ചര്‍ച്ച നടക്കുന്നു. അങ്ങനെ തന്റെ വീടും സ്ഥലവും നഷ്ടപ്പെട്ട ഉപ്പന്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ആരോടും പരാതി പറയാതെ ദൂരേക്ക്‌ പറന്നു പോയി. അതുപോലെ ഞാന്‍ കാണാത്ത അറിയാത്ത പ്രതികരിക്കാത്ത എത്രയോ ജീവജാലങ്ങള്‍.

ഇന്നൊരുപക്ഷേ തന്റെ പുതിയ വീടിന്റെ പണി പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലായിരിക്കാം ആ ഉപ്പന്‍. മഴ തോര്‍ന്നു. ഉപ്പന്‍ വീണ്ടും എന്നെ ഒന്നു നോക്കി. ആ കണ്ണുകളിലെ തിളക്കം എന്നെ തിരിച്ചറിഞ്ഞിട്ടാണോ എന്നറിയില്ല! നമ്മള്‍ നാളെയും കാണേണ്ടവരാണല്ലോ, അതു കൊണ്ട്‌ ചിലപ്പോള്‍ പാലു കാച്ചിന് എന്നെയും വിളിക്കുമായിരിക്കും അല്ലേ? പേരമരക്കൊമ്പ് വീണ്ടുമൊന്നുലഞ്ഞു. ഉപ്പന്‍ ചിറകിട്ടടിച്ച്‌ വെള്ളം തെറിപ്പിച്ച് പറന്നു പോയി, അങ്ങു ദൂരെ തന്നെ കാത്തിരിക്കുന്നവരുടെ അടുത്തേക്ക്‌…

Comments
  1. Suslov Babu says:

    “ഇന്നാ കൈതക്കാടില്ല. അതിനു മുന്നിലെ ആ പഴയ വയലുമില്ല. ” 😦

    Like

How's it? Your comments and suggestions...