വിശ്വാസം.. അതല്ലേ എല്ലാം…

Posted: October 11, 2014 by Sankar Vijayakumar in Malayalam
Tags: , , , , , , ,
mundela_palamവഴിവിളക്കുകള്‍ തെളിയാത്ത ഒറ്റയടി പാതയോരത്തെ കുടിലില്‍ സ്വയം കത്തിയെരിയുന്ന മെഴുകുതിരി നാളത്തിനു തന്നെ വലം വയ്ക്കുന്ന കരി വണ്ടിനോട് പറയാന്‍ ഒരായിരം കഥകള്‍ കാണും – ട്വിസ്റ്റ് ഉള്ളതും ട്വിസ്റ്റ് ഇല്ലാത്തതും. പലരുടെയും കഥകള്‍ കേട്ടും, ആരും കേള്‍ക്കാത്ത, ആരും പറയാത്ത കഥകള്‍ കണ്ടും അതങ്ങനെ പാറിപ്പറന്ന് നടക്കും.

അന്നാട്ടിലുമുണ്ടായിരുന്നു പേരു കേട്ടൊരു ആത്‌മഹത്യാ മുനമ്പ്‌ -suicide point. നല്ല ആഴമുള്ള അടിയൊഴുക്കുള്ള ഒരാറിന്റെ മുകളില്‍ പണ്ട് ബ്രിട്ടീഷുകാര്‍ കെട്ടിയ, നൂറില്‍ പരം വര്‍ഷം പഴക്കമുള്ളൊരു പാലം. അവിടെ നടത്തിയ ആത്‌മഹത്യാ ശ്രമങ്ങളൊന്നും ഇതേവരെ പരാജയപ്പെട്ടതായി കേട്ടറിവില്ല. പാലത്തിനു കീഴെയുള്ള ചെളിയില്‍ പുതഞ്ഞു പോയാല്‍ പിന്നെ ജീവന്‍ വെടിഞ്ഞ ശരീരമേ കരക്കടിയൂ. പാലത്തിന്റെ ഒരറ്റത്ത് ഒരു കുടിലുണ്ട്‌, ആ കുടിലില്‍ നല്ല പ്രായമായ ഒരു അമ്മൂമ്മയും.

ഒരു ദിവസം അതിരാവിലെ:

“ഇവിടാരുമില്ലേ?”

“എന്താ? എന്തു വേണം?”

“എന്റെ പേരു ജോയി. ഞാനൊരു ഇംഗ്ലീഷ് പത്രത്തീന്നാ.. ഈ പാലത്തിനെ പറ്റി ഒരു കഥയെഴുതാന്‍ വന്നതാണു. അതിനു അമ്മൂമ്മ എന്നെ സഹായിക്കണം. ഈ പാലത്തിനെ പറ്റി അമ്മൂമ്മ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കാര്യങ്ങള്‍ എനിക്കൊന്നു പറഞ്ഞു തരണം.”

“ഓ. അതിനെന്താ? മോന്‍ വാ.. ഞാന്‍ അകത്ത് പോയി കസേര എടുത്തിട്ട്‌ വരാം.”

“വേണ്ടമ്മൂമ്മാ.. ഞാന്‍ ഈ കൈവരിയില്‍ ഇരുന്നോളാം. എനിക്കിതാ ഇഷ്ടം.”

“എന്നാ പിന്നെ മോന്റെ ഇഷ്ടം. രാവിലെ കാക്ക കരയുന്നത് കേട്ടപ്പോഴേ എനിക്കറിയാമായിരുന്നു ഇന്നു വിരുന്നകാര്‍ ആരെങ്കിലും വരുമെന്നു.” (ചിരിക്കുന്നു)

“അമ്മൂമ്മ എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട്‌?”

“ഞാനും എന്റെ കെട്ട്യോനും കൂടി ഇവിടെ താമസിക്കാന്‍ വരുന്നത്‌ അമ്പത്തെട്ടിലാ.. അന്നിവിടെ ഇങ്ങനൊന്നുമല്ലാ. രണ്ട്‌ കാട്ട് വഴികളെ ബന്ധിപ്പിക്കുന്ന ഒരു പാലം. ഇഴജന്തുക്കളുടെ വിഹാര കേന്ദ്രം. ആള്‍സഞ്ചാരവും വാഹനങ്ങളും നന്നേ കുറവ്. വയ്കുന്നേരമായാല്‍ ഞാനും അദ്ദേഹവും കൂടി ഈ ഉമ്മറപ്പടിയില്‍ വന്നു കാഴ്ച്ചകളും കണ്ടു കാറ്റും കൊണ്ടങ്ങനെ ഇരിക്കും. ഹാ.. അതൊക്കെ ഒരു കാലം. അദ്ദേഹം വലിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ഉണ്ടായിരുന്നതൊക്കെ പാര്‍ട്ടിക്ക്‌ വേണ്ടി ചെലവാക്കി. ഒടുവില്‍ ഈ വീട്‌ മാത്രം ബാക്കിയായി. പക്ഷേ പറഞ്ഞിട്ടെന്താ, അവസാനകാലത്ത് ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രം. അദ്ദേഹം പോയിട്ട്‌ ഇപ്പോള്‍ ഏഴ് വര്‍ഷം.”

“മക്കളൊക്കെ?”

“അവരൊക്കെ അങ്ങു ദൂരെയാ.. അവര്‍ക്ക് ഇവിടൊന്നും നിന്നാല്‍ ശരിയാകത്തില്ല. ഓരോരുത്തര്‍ക്കും അവരവരുടെ കാര്യങ്ങള്‍. പക്ഷേ എനിക്ക്‌ ആരോടും ഒരു പരാതിയുമില്ല. എനിക്കിവിടെ പരമ സുഖമാ.”

“എന്നാലും ഒറ്റക്കിങ്ങനെ..”

“ഹേയ്‌.. ഒറ്റക്കോ.. ആ വളവ് തിരിഞ്ഞാല്‍ വീടുകള്‍ തുടങ്ങും. അവര്‍ക്കൊക്കെ എന്നെ വലിയ കാര്യമാ.. ദൊ അങ്ങോട്ട്‌ നോക്ക്‌, ഇവിടേക്കു നോക്കി ഒരു പെണ്‍കുട്ടി നടന്നു പോകുന്നത്‌ കണ്ടോ? അതാണു ഐഷകുട്ടി… കാണുന്ന പോലൊന്നുമല്ല. വല്യ മിടുക്കിയാ.. പാട്ടും ഡാന്‍സും ഒക്കെയുണ്ട്‌. ഇടക്കിടെ ഇവിടെ വരും. എന്നെ പാട്ടൊക്കെ പാടി കേള്‍പ്പിക്കും. അല്ലാ, ഞാന്‍ മറന്നു. മോന്‍ വന്നത്‌ പാലത്തിന്റെ വിവരങ്ങള്‍ അറിയാനല്ലേ.. അമ്മൂമ്മ ഇങ്ങനെയാ, സംസാരിക്കാന്‍ ആരെയെങ്കിലും കിട്ടിയാല്‍ പിന്നെ കാര്യങ്ങള്‍ പറഞ്ഞു കാട് കേറും.”

“അതൊന്നും സാരമില്ല..”

“മോനു എന്തൊക്കെയാ അറിയേണ്ടത്‌?”

“ഈ പാലത്തില്‍ ഒരുപാടു പേര്‍ ആത്മഹത്യ ചെയ്തതായി കേട്ടല്ലോ.. ശരിയാണോ?”

“ശരിയാണ്‌.. ഒത്തിരി പേര്‍ ഇവിടെ വന്നു, പാലത്തീന്ന് എടുത്തു ചാടും. മനുഷ്യര്‍ക്ക് തോന്നുന്ന ഓരോ വിഡ്ഡീത്തങ്ങളെന്നല്ലാതെ എന്താ പറയുക. പ്രേമനൈരാശ്യം, കട ബാധ്യത തുടങ്ങി പരീക്ഷക്ക് തോറ്റതിന് വരെ ഈ കടുംകൈ ചെയ്തവരൂണ്ട്.. ഇപ്പോഴത്തെ പിള്ളേര്‍ക്ക് തീരെ മനസ്സൊറപ്പില്ല. ചെറിയ കാരണം മതി…”

“അമ്മൂമ്മ എന്തെങ്കിലും കണ്ടിട്ടുണ്ടോ?”

“എങ്ങനെ കാണാനാ? പിന്നെ ഈ സ്ട്രീറ്റ് ലൈറ്റ്‌ ഇതുവരെ രാത്രിയില്‍ കത്തി ഞാന്‍ കണ്ടിട്ടില്ല.. ഇടക്ക് കറണ്ടാപ്പീസീന്ന് ജീപ്പില്‍ വന്നു ശരിയാക്കും. എന്നാലും അതിനെന്തോ രാത്രിയില്‍ കത്താന്‍ മടിയാ.. സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ട് തന്നെ ഇരുട്ട്..”

“വെറുതെ അറിയാന്‍ വേണ്ടി ചോദിക്കുന്നതാ. ഇവിടെ പ്രേതത്തെ കാണാറുണ്ടെന്ന് കേട്ടത്‌ ശരിയാണോ?”

“അതൊക്കെ വെറുതെയാ മോനേ.. നാട്ടുകാര്‍ക്കെന്താ പറയാന്‍ പാടില്ലാത്തത്‌! ഞാന്‍ വര്‍ഷങ്ങളായി ഇവിടെയുണ്ട്, ഇതുവരെ ഒന്നും കണ്ടിട്ടില്ല.”

(ദൂരെ ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം)

“അവിടൊരു ബഹളം കേള്‍ക്കുന്നുണ്ടല്ലോ. ഞാന്‍ ഒന്നു നോക്കിയിട്ട്‌ വരാം. ”

“മോന്‍ പോയിട്ട്‌ വാ. തിരിച്ചു വരുമ്പോഴേക്കും അമ്മൂമ്മ കഴിക്കാന്‍ എന്തെങ്കിലും എടുക്കാം.”

“വേണ്ടമ്മൂമ്മാ.. ഞാന്‍ പിന്നെ കഴിച്ചോളാം.”

“അതൊന്നും പറഞ്ഞാല്‍ പറ്റില്ല. പാലില്ല, മോന്‍ കട്ടന്‍ ചായ കുടിക്ക്യോ?”

“കട്ടന്‍ മതി. എനിക്ക്‌ കട്ടനാ ഇഷ്ടം. ഞാന്‍ പോയിട്ട്‌ വരാം. ഇനിയും ഒരുപാടു കാര്യങ്ങള്‍ അറിയാനുണ്ട്‌.”

(അല്‍പ സമയം കഴിഞ്ഞ്‌)

“ആ ഐഷക്കുട്ട്യോ! മോളു നേരത്തെ എവിടെ പോയതാ ? എന്താ അവിടെ ഒരു ആള്‍ക്കൂട്ടം ? എന്താ കാര്യം?”

“ആരോ പാലത്തില്‍ നിന്ന് ചാടി. ഒരു ബൈക്കും അതിലൊരു കുറിപ്പും കിട്ടിയിട്ടുണ്ട്‌. ഏതോ പത്രപ്രവര്‍ത്തകനാണെന്നാ കേട്ടത്‌. അതിരിക്കട്ടെ അമ്മൂമ്മ നേരത്തെ ഒറ്റക്കിരുന്ന് സംസാരിക്കുന്നത് കണ്ടല്ലോ. എന്തു പറ്റി?”

“!!!”

കൈവരിപ്പുറത്തെ ആവി പറക്കുന്ന കട്ടന്‍ ചായക്ക്‌ പിന്നിലെ മെഴുകുതിരികള്‍ക്ക്, ഇന്നു രാത്രി പറയാന്‍ പുതിയൊരു കഥ കൂടി….

Advertisements
Comments

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s