ഭാഗ്യക്കുറി…

Posted: December 15, 2014 by Sankar Vijayakumar in Malayalam
Tags: , , , , , ,
One Rupee - Indian Currencyഒരല്‍പം ഭാഗ്യ പരീക്ഷണവും ഒപ്പം ഒരു ചെറിയ സഹായവും. വഴിയരികില്‍ സൈക്കിളില്‍ ലോട്ടറി കച്ചവടം നടത്തുന്ന വികലാംഗനെ കണ്ടപ്പോള്‍ അയാള്‍ മനസ്സിലോര്‍ത്തു.

“സാറേ, ഒരു കാരുണ്യ എടുക്കട്ടെ? ഒരു കോടിയാണ് .”
“അടിക്കുവോ ?”
“എപ്പോ അടിച്ചെന്ന് ചോദിച്ചാ മതി സാറേ. ഇത്‌ നല്ല രാശിയുള്ള കയ്യാണ് . സാറൊന്ന് എടുത്തു നോക്കണം.”
“ശെരി. ഒന്നെടുത്തോ? വലിയ പ്രതീക്ഷയൊന്നുമില്ല. പിന്നെ തനിക്കൊരു സഹായമായിക്കോട്ടെ എന്ന് കരുതിയാണ്.”
“ദാ സാറേ. ടിക്കറ്റ്.”
“എത്രയാ?”
“നൂറു രൂപാ.”
“ഓഹ് ! നൂറു രൂപയോ? അതിത്തിരി കടുത്തു പോയല്ലോടോ. ഇതാ പൈസ. എന്നാ നറുക്കെടുപ്പ്?”
“നാളെ ഉച്ചക്കാണ്‌. മറ്റെന്നാളത്തെ പേപ്പറില്‍ വരും.”
“382661 – മൂന്നും എട്ടും പതിനൊന്ന്, പതിനൊന്നും രണ്ടും പതിമൂന്ന്, പതിമൂന്നും പതിമൂന്നും ഇരുപത്തിയാറ്. രണ്ടും ആറും എട്ട്‌! കൂട്ടുമ്പോള്‍ എട്ടാണ് വരുന്നത് . ഈശ്വരാ പണി കിട്ട്വോ. ഏയ് ഇതിലൊക്കെ എന്തിരിക്കുന്നു.”

അങ്ങനെ ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ലോട്ടറി ടിക്കറ്റ് വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു മടക്കി പോക്കറ്റിലിട്ടു അയാള്‍ മുന്നോട്ട്‌ നടന്നു. മനസ്സില്‍ കണക്കു കൂട്ടലുകള്‍ പെരുകി തുടങ്ങി. ആ ദിവസം ഓരോ പതിനഞ്ചു മിനിട്ട് കൂടുമ്പോഴും പോക്കറ്റില്‍ കൈ വച്ചു ടിക്കറ്റ് അവിടെയുണ്ടെന്ന് ഉറപ്പ് വരുത്തി. പാതി മനസ്സോടെ ഓഫീസിലെ പണികള്‍ തീര്‍ത്ത്‌ 6 മണിയായപ്പോള്‍ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചു (ഷെയറിന്റെ കാര്യം പറയാനായിരിക്കണം !!). പതിവിലും നേരത്തെ വീട്ടിലെത്തി, ഭാര്യയോട്‌ ജീവിതത്തില്‍ ആദ്യമായി എടുത്ത ലോട്ടറിയുടെ കാര്യം പറഞ്ഞു. പക്ഷേ അവളതത്ര ഗൗനിച്ചതായി തോന്നിയില്ല. ഗൂഗിളിന്റെ സഹായത്തോടെ കേരളാ ലോട്ടറിയുടെ വെബ്‌ സൈറ്റ് കണ്ടെത്തി. അതെ, അടുത്ത ദിവസം വയ്കുന്നേരം 4 മണിക്കാണ് നറുക്കെടുപ്പ് .

അടുത്ത പ്രഭാതം. രാവിലെ പതിവില്ലാതെ അയാള്‍ വീണ്ടും അമ്പലത്തില്‍ പോയി (ഷെയറിന്റെ കാര്യം ഓര്‍മ്മിപ്പിക്കാനാവും !!) അല്ലറ ചില്ലറ വഴിപാടൊക്കെ കഴിച്ചു. ശനിയാഴ്ച ആയത്‌ കൊണ്ട്‌ ഓഫീസില്‍ പോകേണ്ട, IT ഫീല്‍ഡ്!! സമയം മന്ദഗതിയിലാണ്‌ നീങ്ങുന്നത്‌ എന്നൊരു തോന്നല്‍. മണി 2 ആയി. ശനിയാഴ്ചകളില്‍ ഉച്ചയൂണിനു ശേഷം സ്ഥിരമായുള്ള ഉച്ചമയക്കം ഇന്നെന്തുകൊണ്ടോ മാറി നില്‍ക്കുന്നു.. കണ്ണടച്ചാല്‍ തെളിയുന്നത്‌ ലോട്ടറി ടിക്കറ്റാണ്. നറുക്കെടുപ്പിന് ഇനി 2 മണിക്കൂറുകള്‍ മാത്രം. മൊബൈലില്‍ 4 മണിക്ക്‌ അലാറം വച്ചതിനു ശേഷം ഒന്നു മയങ്ങാന്‍ തീരുമാനിച്ചു..

അലാറത്തിന്റെ ശബ്ദം കേട്ട് അയാള്‍ ഞെട്ടി എഴുന്നേറ്റു. സമയം 4 മണി. പെട്ടന്നു കമ്പ്യൂട്ടര്‍ ഓണാക്കി കേരള ലോട്ടറിയുടെ വെബ്സൈറ്റ് നോക്കി. ലോട്ടറി ഫല പ്രഖ്യാപനം വന്നിട്ടുണ്ട്‌. ബ്രൌസറില്‍ Ctrl + F ഉപയോഗിച്ച്‌ തന്റെ നമ്പര്‍ 382661 തിരഞ്ഞു. അതാ ആദ്യത്തെ നമ്പര്‍ തന്നെ. വിശ്വസിക്കാനാവാതെ സര്‍ച്ച്‌ ചെയ്ത നമ്പര്‍ വീണ്ടും നോക്കി. “അടിച്ചു മോനേ..” അന്നവിടെ ആഘോഷമായിരുന്നു. അപ്രതീക്ഷിതമായി കടന്നു വരുന്ന സൗഭാഗ്യങ്ങള്‍ മനുഷ്യനെ ഭ്രാന്തനാക്കുമെന്നു കേട്ടിട്ടുണ്ട്‌. ജോലി രാജി വയ്ക്കാനുള്ള അയാളുടെ തീരുമാനം അത്തരത്തില്‍ ഒന്നാവാം.

തിങ്കളാഴ്ച കാലത്തെ തന്നെ അയാള്‍ ടിക്കറ്റുമായി ലോട്ടറി ഓഫീസിലെത്തി.

“കാരുണ്യ ഒന്നാം സമ്മാനം കിട്ടിയ ആള്‍ കുറച്ചു മുന്നേ വന്നായിരുന്നല്ലോ!”. ഓഫീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
“ഹേയ്‌! അതെങ്ങനെ ശരിയാകും? നിങ്ങളുടെ വെബ്‌സൈറ്റില്‍ കിടക്കുന്നത്‌ എന്റെ നമ്പര്‍ അല്ലേ! നിങ്ങളെന്താ ആളെ കളിയാക്കുവാണോ ?”
“മുന്‍പ്‌ വന്നയാളുടെ ടിക്കറ്റ് ഞാന്‍ വാങ്ങി പരിശോധിച്ചതാണു. സാറിനു നമ്പര്‍ മാറിയതാവും!”
“എനിക്ക്‌ നമ്പര്‍ മാറിയിട്ടൊന്നുമില്ല. വെബ്‍സൈറ്റില്‍ കാണിക്കുന്ന നമ്പര്‍ എന്റെ ലോട്ടറിയുടെ തന്നെയാണ് !”
“സാര്‍ ചൂടാകേണ്ട കാര്യമൊന്നുമില്ല.. ഞാന്‍ ഒന്നു നോക്കട്ടെ. ഇരിക്കൂ. ടിക്കറ്റിന്റെ നമ്പര്‍ എത്രയാ?”
“382661”
“അയ്യോ സാറേ കുഴഞ്ഞല്ലോ ! അതിവിടുത്തെ ഫോണ്‍ നമ്പറാണ്‌.. സാറിന് നമ്പര്‍ മാറിപോയതാ! ദാ കണ്ടോ, ഒന്നാം സമ്മാനത്തിന്റെ തൊട്ട്‌ മുകളില്‍ ഉള്ളത് ഇവിടുത്തെ ഫോണ്‍ നമ്പറാണ്‌. സമ്മാനം കിട്ടിയിരിക്കുന്ന നമ്പര്‍ BD 420297!”
അയാള്‍ക്ക്‌ കണ്ണില്‍ ഇരുട്ട് കയറുന്നത്‌ പോലെ തോന്നി. കണക്കു കൂട്ടലുകളും സ്വപ്നങ്ങളും ചീട്ട്‌ കൊട്ടാരം പോലെ തകര്‍ന്ന് വീഴുന്നു. അയാള്‍ പിന്നിലേക്ക്‌ മലര്‍ന്നു വീണു. ആരൊക്കെയോ തന്നെ കുലുക്കി വിളിക്കുന്നുണ്ട്‌..
“ദേ. നിങ്ങളൊന്ന് എഴുന്നേല്‍ക്ക്‌.. ഇതെന്തൊരു ഉറക്കമാണ്‌. ലോട്ടറി നറുക്കെടുപ്പിന്റെ റിസള്‍ട്ട് വന്നിട്ടുണ്ട്‌. നിങ്ങളുടെ ടിക്കറ്റിനു സമ്മാനമുണ്ട്‌.”
“ങേ! എന്താ? സമ്മാനമോ? എന്റെ നമ്പറിനോ? നീ ശരിക്ക് നോക്കിയോ? ടിക്കറ്റിന്റെ നമ്പര്‍ തന്നെയാണോ എന്നു നന്നായി നോക്കിക്കേ..”
“ഞാന്‍ ശരിക്കു നോക്കിയതാ.. അവസാനത്തെ നാല്‌ അക്കത്തിനാ സമ്മാനം. അയ്യായിരം രൂപയുണ്ട്. ”
“ശരിക്കും? എവിടെ?”
“ദാ വന്നു നോക്ക്‌. 2661.”
“ഹോ! സമാധാനമായി.” ഒരു നിമിഷം നിര്‍ത്തി. “അയ്യായിരം രൂപാ!. അപ്പോള്‍ ഒരു മാസത്തെ വാടകക്കുള്ളത് ഒത്തു! ബാക്കി വല്ലതും ഉണ്ടേല്‍ നീ ഒരു സാരി വാങ്ങിക്കോ!”
അവര്‍ പരസ്പരം നോക്കി ചിരിച്ചു.

അതേ സമയം വീടിനു പുറത്ത്: “നാളെയാണ്.. നാളെയാണ്.. നറുക്കെടുപ്പ് നാളെയാണ്.. “.
ഒരല്‍പം ഭാഗ്യ പരീക്ഷണവും ഒപ്പം ഒരു ചെറിയ സഹായവും. വീണ്ടും മനസ്സിലോര്‍ത്തു.

Advertisements
Comments
  1. babu says:

    hahaha… avasanam nee athu vachu thanne ezhuthi le… kadhapaathravum, paschathalavum maattiyathinu nandhi undu.

    Like

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s