മംഗളം നേരുന്നു…

Posted: February 11, 2015 by Sankar Vijayakumar in Malayalam
Tags: , , , , , ,
ലവ് മാര്യേജ് ആണോ ആറേഞ്ചിഡ്‌ മാര്യേജ് ആണോ നല്ലത്? രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്‌ – എന്ന ക്ലൈമാക്സില്‍ എത്താന്‍ വേണ്ടി മാത്രമായി കാലാകാലങ്ങളായി ഇനിയും ഉത്തരം കിട്ടാതെ സജീവമായി ചര്‍ച്ച ചെയ്തു വരുന്ന വിഷയം. നിറങ്ങളില്‍ നിറഞ്ഞാടുന്ന നായികാ നായകന്മാരും, കുളിരുകോരിയിടുന്ന വരികളാല്‍ മഴവില്ലു വിരിയിക്കുന്ന കവികളും പലപ്പോഴും പ്രണയ വിവാഹങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് തോന്നും. പൂമുഖ വാതില്‍ക്കല്‍ നില്‍ക്കുന്ന ഭാര്യയെ പുകഴ്‌ത്തിയ കവി പോലും അത്‌ ലവ് മാര്യേജ് ആണോ ആറേഞ്ചിഡ്‌ മാര്യേജ് ആണോ എന്നു പറഞ്ഞിട്ടില്ല.

ഒരു കുഞ്ഞു ബള്‍ബും നിലാവും നക്ഷത്രങ്ങളും സാക്ഷി നില്‍ക്കെ, പേനയുടെ മഷിത്തുമ്പില്‍ കവിതയും സാഹിത്യവും തുളുമ്പുന്ന, ഹൃദയം വരച്ചു കാട്ടുന്ന വാക്കുകളാല്‍ ജനിക്കുന്ന കത്തുകള്‍ മാത്രമായിരുന്നു ഒരു കാലത്ത്‌ പ്രണയ വിവാഹങ്ങള്‍ക്ക് ക്യാറ്റലിസ്റ്റുകളായി പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ ഇന്നത്തെ e-പ്രണയത്തിന് ക്യാറ്റലിസ്റ്റുകള്‍ ഏറെയാണ്‌. ഒപ്പം പ്രധാനമായും ദല്ലാളുമാരെയും മാര്യേജ് ബ്യുറോകളെയും ആശ്രയിച്ചു നടന്നിരുന്ന ആറേഞ്ചിഡ്‌ മാര്യേജുകളും ഇന്ന് ചിറക് വിടര്‍ത്തി e-വിവാഹങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു. പക്ഷേ എന്തൊക്കെയായാലും വളപ്പാടുകള്‍ പതിഞ്ഞ വെള്ള കടലാസ്സില്‍, മഷി പേന കൊണ്ടെഴുതിയ മധുരമായ വാക്കുകള്‍ ആരും കാണാതെ ഒറ്റക്കിരുന്നു വായിക്കുമ്പോഴുള്ള കണ്ണിലെ തിളക്കത്തിനും മുഖത്തെ നിറഞ്ഞ പുഞ്ചിരിക്കും പകരം വയ്ക്കാന്‍ ഇന്നത്തെ e-ലോകത്തിനു കഴിയുന്നുണ്ടോ എന്നത്‌ സംശയമാണ്‌. പാശ്ചാത്യ സംസ്കാരത്തിന്റെ നുഴഞ്ഞു കയറ്റം ഉത്തരേന്ത്യ വരെ എത്തിയിട്ടുണ്ടെങ്കിലും വിവാഹകാര്യത്തില്‍ മലയാളി ഇന്നും നമ്മുടെ മലയാളിത്തം കാത്തു സൂക്ഷിച്ചു പോരുന്നു. ന്യൂ ജനറേഷന്റെ കോട്ടയായി മാധ്യമങ്ങളും സോഷിയല്‍ മീഡീയ നെറ്റ്വര്‍ക്കുകളും ഊതിപ്പെരുപ്പിച്ച ഹൈഡ്രജന്‍ ബലൂണ്‍ പോലെ ഉയര്‍ത്തി കാട്ടുന്ന ടെക്‌നോ പാര്‍ക്കിലും സ്ഥിതി മറ്റൊന്നല്ല. എന്തായാലും വേറെ പണിയൊന്നും ചെയ്യാതെ ബ്ലോഗും വായിച്ചിരിക്കുവല്ലേ, നമുക്കൊന്ന് അതുവരെ പോയിട്ട്‌ വരാം. അതിനു മുമ്പ് ഒരു ഡയലോഗ്‌ കൂടി, ‘അക്ഷരങ്ങള്‍ അടിച്ചു കൂട്ടിയ പത്രതാളില്‍ നിന്നും നീ പഠിച്ച ടെക്‌നോ പാര്‍ക്കല്ല അനുഭവങ്ങളുടെ ടെക്‌നോ പാര്‍ക്ക്…’, അതു കൊണ്ട്‌ ഒരുപാടു പ്രതീക്ഷകള്‍ ഒന്നും വേണ്ട.

അതാ ആ കസേരയില്‍ പുറകിലേക്ക് മലര്‍ന്ന് തലയ്ക്ക് പിന്നില്‍ കയ്യും വച്ചു സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നതാണു നമ്മുടെ നായകന്‍. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ എല്ലാം ഈരണ്ട് പ്രൊഫൈല്‍ വീതം ഉണ്ടാക്കി വച്ചിട്ടുണ്ട്‌. പക്ഷേ ഒന്നും അങ്ങോട്ട്‌ ഒത്തു വരുന്നില്ല. എന്നാല്‍ ഒന്നിനും ഒരു കുറവുമില്ലാതാനും: സുമുഖന്‍, സുന്ദരന്‍, സുശീലന്‍, സുഭാഷണന്‍, സല്‍ഗുണസമ്പന്നന്‍ ! പിന്നെന്താ പഠിപ്പിന് പഠിപ്പില്ലേ.. ജോലിക്ക് ജോലിയില്ലേ.. ഫേസ്ബുക്കിനു ഫേസ്ബുക്കില്ലേ.. ബ്ലോഗിന് ബ്ലോഗില്ലേ .. ഇതൊന്നും പോരാത്തതിനു ആവശ്യത്തില്‍ കൂടുതല്‍ പ്രായവും. അതുകൊണ്ടെന്താ ജീവിതാനുഭവങ്ങളുടെ കമനീയമായ ഒരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്‌. അതിന്റെ വെറും 5 വര്‍ഷം കണ്ടപ്പോള്‍ തന്നെ അവിടുത്തെ HR ഡിപ്പാര്‍ട്ട്മെന്റ് അദേഹത്തെ വിളിച്ചു ഒരു ട്രോഫീം കൊടുത്തു. (“നീ സുലൈമാനല്ലാ..” )

“എന്റെ ദൈവമേ..!! ഇവളുമാര്‍ക്കൊക്കെ എന്തൊരു ജാടയാ..”
“എന്തു പറ്റി രമണാ?”
“ഒരു രക്ഷയുമില്ല.. എല്ലാം റിജക്റ്റോട് റിജക്റ്റ്..”
“എന്താ കാര്യം ?”
“അല്ല, ഈ മാട്രിമോണിയല്‍ സൈറ്റിലെ കാര്യം പറഞ്ഞതാ… റിക്വസ്റ്റ് ഇട്ടിട്ട് ഞാന്‍ മടുത്തു.. എല്ലാത്തിലും കാണും ഒരു സാരിയുടത്ത ഫോട്ടോ, ചുരിദാറിട്ട ഫോട്ടോ, അമ്പലത്തിലെ ഫോട്ടോ, പാര്‍ക്കിലെ ഫോട്ടോ, ബീച്ചിലെ ഫോട്ടോ.. ഒരു കാര്യവുമില്ലാതെ…”
“എന്നിട്ടു ഒന്നു പോലും ആരും Accept ചെയ്തില്ലേ?”
“ഒരെണ്ണം.. ഒരെണ്ണം മാത്രം.. അതിന്റെ കാര്യമാണേല്‍ പറയുകയും വേണ്ട.. പുതിയ ഒരു മാട്രിമോണി കണ്ടപ്പോള്‍ വെറുതെ കേറി റെജിസ്റ്റര്‍ ചെയ്തു ഒരു കൊച്ചിനു റിക്വസ്റ്റ് ഇട്ടതാ.. അവളതു Accept ചെയ്തു… പിന്നെ പൈസ അടച്ചാലെ ബാക്കി വിവരങ്ങള്‍ അറിയാന്‍ പറ്റു എന്ന സ്ഥിതി വന്നപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവിടേം പൈസ അടച്ചു.. പിന്നീട് ഫോണ്‍ വിളിച്ചിട്ടും മെയില്‍ അയച്ചിട്ടും ഒരു വിവരവുമില്ല.. എന്റെ പൈസ പോയത്‌ മിച്ചം.”
“ഇങ്ങോട്ടൊന്നും വരാറില്ലേ ?”
“ഓഹ്! ഇടക്കു 2 എണ്ണം വന്നായിരുന്നു… പക്ഷേ ഈ റിജക്റ്റ് ചെയ്യുമ്പോഴുള്ള സുഖം ഒന്നറിയാന്‍ വേണ്ടി ഞാന്‍ അതു രണ്ടും വെറുതെ റിജക്റ്റ് ചെയ്തു.. അതു വലിയ അബദ്ധമായി പോയെന്നു ഇപ്പോള്‍ തോന്നുന്നു.. രാത്രി ഒക്കെ ഇപ്പോ എന്താ മഴ അല്ലേ!”

ദിവസങ്ങളും ആഴ്ചചകളും മാസങ്ങളും ആരെയും ഉപദ്രവിക്കാതെ യാതൊരു ശബ്ദവും ഉണ്ടാക്കാതെ ഒരു സൈഡില്‍ കൂടി അങ്ങു നടന്നു പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് “ഫ്രീ-രാജ്‌ ഫോട്ടോഗ്രഫി”യുടെ ജനനം. പെട്ടന്നൊരു സുപ്രാഭാതത്തില്‍ ഒരാള്‍ക്ക് ഫോട്ടോഗ്രഫി തലക്കു പിടിക്കുന്നു, ക്യാമറ വാങ്ങുന്നു, 4-5 ലെന്സ് വാങ്ങുന്നു, പിന്നെ ക്ലിക്ക്‌! ക്ലിക്ക്‌!! ക്ലിക്ക്‌!!!. ഫേസ്ബുക്കില്‍ ഫ്രീ-രാജ്‌ ഫോട്ടോഗ്രഫി വാട്ടര്‍മാര്‍ക്ക്‌ പതിഞ്ഞ ഫോട്ടോകള്‍ക്ക്‌ 100 ലൈക്ക് ഉറപ്പാണു. വാട്ടര്‍മാര്‍ക്ക്‌ ഇടും മുമ്പ് ഫോട്ടോ അടിച്ച്‌ മാറ്റി പ്രൊഫൈല്‍ പടം ആക്കുന്നവരും ഉണ്ട്‌. അങ്ങനെ “ഫ്രീ-രാജ്‌ ഫോട്ടോഗ്രഫി” പല രൂപത്തിലും ഭാവത്തിലും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു.

“ശെന്റെ മോനേ..!! ഒരു രക്ഷയുമില്ലാത്ത ഫോട്ടോസ് ആണല്ലോടാ.. നിന്റെ ക്യാമറ പണ്ട് പിച്ച വച്ച് നടന്നത്‌ നമ്മുടെ തലയിലൊക്കെയാണ്‌.. അതിന്റെ നന്ദി വേണം കേട്ടോ..”
“അളീ .. നിങ്ങക്കിപ്പൊ എന്താ, മാട്രിമോണിയലില്‍ കൊടുക്കാന്‍ കുറച്ചു ഫോട്ടോസ് വേണം, അത്രയല്ലേ ഉള്ളൂ? അതു നുമ്മ ശെരിയാക്കി തരും. എപ്പോ വേണമെന്നു പറഞ്ഞാ മതി..”
“ടാ.. നാളെ ശനിയാഴ്ച്ച അല്ലേ? നമുക്കൊന്നു ഇറങ്ങിയാലോ?”
“എങ്ങോട്ടാ?”
“അതു നമുക്ക് നാളെ തീരുമാനിക്കാം.”
“ഓക്കേ. നിങ്ങള് വിളിച്ചാ മതി.. ഒരു 10-20 പടം എടുക്കാം… എന്നിട്ടത്‌ പതുക്കെ ഒരു സൈഡ് വാരം അപ്‌ലോഡ്‌ ചെയ്തു തുടങ്ങാം..”
“ശെരി.”

പിന്നീടങ്ങോട്ട് ആ ഫേസ്ബുക്ക് അക്കൗണ്ടിലും മാട്രിമോണിയല്‍ അക്കൗണ്ടിലും ഫോട്ടോകള്‍ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്‌ പോലെ വന്നു കൊണ്ടിരുന്നു. ദിവസങ്ങളും ആഴ്ചചകളും മാസങ്ങളും ഒട്ടും ധൃതി കൂട്ടാതെ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു.. നമ്മുടെ നായകന്‍ അന്നത്തെ അതേ ഇരുപ്പു തന്നെ ഇപ്പോഴും തുടരുന്നു.. അതേ ഡയലോഗും :

“എന്റെ ദൈവമേ..!! ഇവളുമാര്‍ക്കൊക്കെ എന്തൊരു ജാടയാ.. ഇനി ഞാന്‍ എന്തു ചെയ്താലാ ഒരെണ്ണം സെറ്റ് ആകുന്നത്‌.. ”
“ഫോട്ടോകളൊന്നും ഏറ്റില്ല അല്ലേ ?”
“വലിയ പ്രയോജനമൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ജിമ്മില്‍ പോയി കുറച്ച്‌ പാക്സ്‌ സെറ്റ് ചെയ്താലോ എന്നൊരു ആലോചനയുണ്ട്.”
“അതുകൊണ്ടും വലിയ പ്രയോജനമുണ്ടാകാന്‍ സാധ്യതയില്ല, ഇവിടെ 6 പാക്ക് ഉള്ളവന്മാര്‍ വരെ പുര നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. ഈ വെബ്‌സൈറ്റ് വഴി അല്ലാതെ നേരിട്ടു പോയി കാണുന്ന പരിപാടി ഒന്നും ഇല്ലേ?”
“ഹും.. നമ്മളെത്ര ലഡ്ഡും ജിലെബീം തിന്നതാ..”

പെണ്ണുകാണല്‍ 1: നല്ല ചായ https://sankartypo3.wordpress.com/2014/07/09/nalla-chaya/!
പെണ്ണുകാണല്‍ 2:
—****—
രാവിലെ കുളിച്ചു കുട്ടപ്പനായി, പെണ്ണ് കാണാന്‍ ചെന്നതാ.. കാര്യങ്ങള്‍ എല്ലാം സംസാരിച്ചു, ഒരുവിധം സെറ്റ് ആയെന്നു വിചാരിച്ചിരിക്കുമ്പോള്‍ പെണ്ണിന്റെ അമ്മാവന്‍ വന്നിട്ടു ഇനി കുറച്ചു നേരം പെണ്ണും ചെറുക്കനും സംസാരിക്കട്ടെ എന്നു പറഞ്ഞു അവര്‍ പുറത്തോട്ട് ഇറങ്ങി. പഠിച്ചിട്ടു വന്ന ഡയലോഗില്‍ ആദ്യത്തേത് തന്നെ ഞാനെടുത്ത്‌ വീശി:
“ഫോട്ടോയില്‍ കാണുന്നതിലും കുറച്ചു കൂടുതല്‍ ഗ്ലാമറുണ്ടല്ലേ എനിക്ക്‌?”
അവള്‍ ചെറുതായി ഒന്നു ചിരിച്ചു.
“അല്ലാ.. സമ്മതിക്കണമെന്നില്ല.. സമ്മതിച്ചാല്‍ ഞാനും അതുപോലെ തിരിച്ചു പുകഴ്ത്തി പറയേണ്ടി വരുമല്ലോ? (ശോഭ ചിരിക്കുന്നില്ലേ?) ”
“അല്ല ചേട്ടാ.. ആരാ ഈ ഫ്രീ-രാജ്‌ ഫോട്ടോഗ്രഫി??'”
“പ്ലിങ് !!”
—****—

“മൊത്തത്തില്‍ എന്റെ സമയം അത്ര ശരിയല്ലെന്നു തോന്നുന്നു..”
“അതെന്താ ജാതകം വല്ലതും നോക്കിയോ?”
“ഏയ്‌.. ജാതകം നോക്കാന്‍ പാടില്ലെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്‌.. ”
“ഓഹ്! അണ്ണാ അണ്ണന് ഈ അന്ധവിശ്വസങ്ങളിലൊക്കെ വിശ്വാസമുണ്ടോ?”
“ഇല്ലാ.. തീരെ ഇല്ലാ..!! എന്താ ചോദിച്ചത്‌?”
“അല്ലാ.. പഴയ കമ്പനിയില്‍ എന്റെ പ്രൊജക്ടില്‍ കൂടെ വര്‍ക്ക് ചെയ്തിരുന്ന സീനിയര്സിനും പണ്ട് അണ്ണന്റെ അവസ്ഥയായിരുന്നു. പെണ്ണ് കെട്ടാനുള്ള ശ്രമങ്ങളെല്ലാം നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരുന്നു..”
“അതിനു?”
“ഞാന്‍ കമ്പനി വിട്ടു 2 മാസത്തിനുള്ളില്‍ എല്ലാരും കല്ല്യാണം കഴിച്ചു !!”
“ഭാ !!! ഇപ്പോള്‍ ഇറങ്ങിക്കോണം.. ഇനി ഈ പ്രൊജക്ടില്‍ ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ !!!!”

ബൈ ദി വേ, ഈ അടുത്തു തന്നെ ബാച്ചിലേര്‍സ് ജീവിതം അവസാനിപ്പിച്ചു കുടുംബസ്ഥാനകാന്‍ പോകുന്ന നമ്മുടെ നായകനു മംഗളം നേരുന്നു !!

Advertisements
Comments
  1. Al Ameen says:

    kidilam

    Liked by 1 person

  2. DD says:

    Ithu DD ye udesichaanu… DD ye mathram udesichaanu….. ( ? )

    Liked by 1 person

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s