ഒരു മടക്കയാത്ര…

Posted: June 9, 2015 by Sankar Vijayakumar in Malayalam
Tags: , , , ,
ഒരു മടക്കയാത്ര…സമയം 12 നോട് അടുക്കുന്നു. നല്ല നിലാവുണ്ട്‌. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുകയാണ് റെയില്‍ പാളം. ചിലര്‍ പ്ലാറ്റ്ഫോമില്‍ ചുവരിനോട് ചേര്‍ന്ന് മൂടി പുതച്ചു കിടന്നുറങ്ങുന്നു, ഉറങ്ങാതിരിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കുന്ന ചിലരേം കാണാം, മറ്റു ചിലരാകട്ടെ ചുറ്റും നടക്കുന്നതൊന്നും അറിയാതെ മൊബൈലില്‍ തലയും കുമ്പിട്ടിരിപ്പാണ്‌. വിയര്‍പ്പും പൊടിയും പറ്റിയ, നിറം മങ്ങിയ കസേരകള്‍ ഒട്ടു മിക്കതും ഒഴിഞ്ഞ നിലയിലാണ്‌. പകലിന്റെ ആരവങ്ങളൊക്കെയും ശമിച്ച് ഇപ്പോള്‍ വളരെ നിശബ്ദമാണ് അവിടം – കണ്ണീരില്ല, പുഞ്ചിരിയില്ല, യാത്രയയപ്പുകളില്ല, വിടവാങ്ങലുകളുമില്ല. പാളത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നിരുന്ന തെരിവ് നായ്ക്കളും വിശ്രമിക്കാന്‍ തീരുമാനിച്ചെന്ന് തോന്നുന്നു. റെയില്‍വേ പ്ലാറ്റ്ഫോമിലെ നിശ്ചലമായ നിഴലുകളെ ചവിട്ടിയും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്ടിക് കുപ്പികളെ മറി കടന്നും അന്നത്തെ ഏകാന്തമായ കാത്തിരിപ്പിനോട് വിട പറഞ്ഞു കൊണ്ട് അയാള്‍ തിരികെ വീട്ടിലേക്ക് നടന്നു.

അലറി കരയുന്ന ചീവീടുകളും മഴ മന്ത്രം ജപിക്കുന്ന തവളകളും അയാളുടെ നടത്തത്തിനു പശ്ചാത്തല സംഗീതമേകി, ഒപ്പം കൂട്ടായി മാനത്തെ ചന്ദ്രന്‍ ചേട്ടനും. നടന്നു നടന്നു കടവത്തെത്തി. കടത്ത്‌കാരന്‍ ഒരു ബീഡിയും വലിച്ച്‌ പുക ഊതിക്കൊണ്ട് വഞ്ചിയുടെ അടുത്ത്‌ ഇരുപ്പുണ്ടായിരുന്നു.

“ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്നും വന്നില്ല അല്ലേ?”
ഇല്ല എന്ന മട്ടില്‍ അയാള്‍ തലയാട്ടി.

“അവന്‍ വരും.. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.. ഇന്നല്ലെങ്കില്‍ നാളെ അവന്‍ എത്തും.. നിങ്ങളിങ്ങനെ വിഷമിക്കാതിരിക്കൂ.. അവന്റെ ഫോണില്‍ വിളിച്ചു നോക്കിയോ?”
“ഉം.. ആദ്യം റിംഗ്‌ ചെയ്യുന്നുണ്ടായിരുന്നു.. പിന്നീട് എപ്പോഴോ മുതല്‍ സ്വിച്ച്‌ ഓഫ് ആണ്..”
“(മുകളിലേക്ക് നോക്കി)നല്ല മഴക്കോളുണ്ട്‌. പെയ്യട്ടെ അല്ലേ… എല്ലാം ഒന്നു തണുക്കട്ടെ.. എത്ര നാളെന്ന് വച്ചാ ഇങ്ങനെ..”
അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.. അക്കരേക്ക്‌ നോക്കി കൊണ്ടുള്ള മൗനം മാത്രമായിരുന്നു ഉത്തരം.

മഴ ചെറുതായി പെയ്തു തുടങ്ങി. വഞ്ചിക്കാരന്‍ തോര്‍ത്തെടുത്ത്‌ തലയില്‍ കെട്ടി. മഴത്തുള്ളികള്‍ കൂടുതല്‍ വേഗത്തിലും ആള്‍ ബലത്തിലും പുഴയില്‍ പെയ്തിറങ്ങി. നിമിഷം തോറും മഴയുടെ ശക്തി കൂടി വന്നു. മുഖത്തേക്ക്‌ വീഴുന്ന മഴത്തുള്ളികളെ ഒരു കൈ കൊണ്ട്‌ തുടച്ചു കളഞ്ഞ് വഞ്ചിക്കാരന്‍ ആഞ്ഞ് ആഞ്ഞ് തുഴയുന്നുണ്ട്‌. പുഴയുടെ പകുതി മാത്രമേ കടന്നിട്ടുള്ളൂ. അധികം വൈകാതെ മഴക്കു കൂട്ടായി ഇടിയും മിന്നലുമെത്തി. ആദ്യത്തെ കൊള്ളിയാന്‍ വെട്ടിയ ശേഷം അക്കരെ കണ്ടിരുന്ന വെളിച്ചമെല്ലാം കെട്ടതായി കാണപ്പെട്ടു. അതിനെ പിന്തുടര്‍ന്നു ഭൂമി പിളര്‍ക്കുമാറ്‌ ഒരു ഇടിയുമുണ്ടായിരുന്നു. എങ്ങും ഇരുട്ട് നിറഞ്ഞു.

താമസിയാതെ വഞ്ചി കരക്കെത്തി. അയാള്‍ വഞ്ചിയില്‍ നിന്നിറങ്ങി വീട്‌ ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും പിണങ്ങി പോയ കറന്റ് തിരികെ വന്നിരുന്നു, മഴയും നന്നെ കുറഞ്ഞു.

“നാളെയുമുണ്ടോ?”
ആ ചോദ്യവും ഉത്തരം കിട്ടാതെ ദാഹിച്ച് പുഴയുടെ ഒഴുക്കില്‍ അലിഞ്ഞു ചേര്‍ന്നു.

നടത്തം ദ്രുതഗതിയിലായിരുന്നു. ഒരു നാള്‍ മുടങ്ങാതെ സന്ദര്‍ശിച്ചിരുന്ന അമ്പലത്തിനു മുന്നിലും ആ കാലുകള്‍ക്ക് വേഗത കുറഞ്ഞില്ല. ഒടുവില്‍ വീടെത്തി. വരാന്തയിലെ പ്രകാശം പരത്തുന്ന ബള്‍ബിനു ചുറ്റും പ്രാണികള്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. താഴിട്ടു പൂട്ടിയ വാതിലും, വീടിനുള്ളിലെ ഇരുട്ടും “അവന്‍ ഇന്നും എത്തിയിട്ടില്ല” എന്നതിന് തെളിവായി ആ മനസ്സ്‌ കണ്ടു. വീടിനകത്ത് കയറിയ ശേഷം വാതില്‍ പൂട്ടി താക്കോല്‍ അലക്ഷ്യമായി മേശപ്പുറത്തേക്ക്‌ വലിച്ചെറിഞ്ഞു. മേശമേല്‍ താക്കോലിനു സമീപം കിടന്നിരുന്ന ആ പഴയ പത്രത്തിന്റെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു: “അതിര്‍ത്തിയില്‍ വെടിവയ്പ്പ്: കാണാതായവരില്‍ ഒരു മലയാളിയും.”

മഴ പൂര്‍ണ്ണമായും മാറി. ആകാശം വീണ്ടും തെളിഞ്ഞു. നിലാവു പരന്നു. വരാന്തയിലെ ബള്‍ബ് അണഞ്ഞു, അതിനു ചുറ്റും കൂടിയിരുന്ന പ്രാണികള്‍ മറ്റൊരു വെളിച്ചം തേടി പറന്നകന്നു.

ഒരു വള്ളപ്പാടകലെ കായലില്‍ കുളി കഴിഞ്ഞ്‌ ഉദിച്ചു പൊങ്ങുന്ന സൂര്യനെ കാണാന്‍, രാത്രി മുഴുവന്‍ നിലാവില്‍ മഞ്ഞേറ്റു തണുത്ത വെള്ളത്തില്‍ മുഖം നോക്കി മടുത്ത ചെന്തെങ്ങ് വേരറ്റു പോകും വിധം അല്പം കൂടി ചാഞ്ഞു നിന്നു.

അന്ന് രാവിലെ അയാള്‍ എഴുന്നേറ്റത്‌ കിണറ്റിന്‍ കരയില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടിട്ടാണ്. കട്ടിലില്‍ നിന്നെഴുന്നേറ്റ് കണ്ണ് തിരുമ്മി മുറ്റത്തേക്കു ഇറങ്ങി നോക്കി. അയയില്‍ പുഴയിലെ പായല്‍ പറ്റിയ, നനഞ്ഞ, ഒരു പട്ടാള കുപ്പായം കാറ്റേറ്റ് അനങ്ങുന്നുണ്ടായിരുന്നു.

Advertisements
Comments
 1. Sshh says:

  ഒരു വള്ളപ്പാടകലെ കായലില്‍ കുളി കഴിഞ്ഞ്‌ ഉദിച്ചു പൊങ്ങുന്ന സൂര്യനെ കാണാന്‍, രാത്രി മുഴുവന്‍ നിലാവില്‍ മഞ്ഞേറ്റു തണുത്ത വെള്ളത്തില്‍ മുഖം നോക്കി മടുത്ത ചെന്തെങ്ങ് വേരറ്റു പോകും വിധം അല്പം കൂടി ചാഞ്ഞു നിന്നു.

  Nice !

  Liked by 1 person

 2. kris says:

  എല്ലാ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പുകളും ഇതുപോലെ ശുഭപര്യവസായി ആകട്ടെ

  Liked by 1 person

 3. teenathomas says:

  കൊള്ളാം 🙂

  Liked by 1 person

 4. Reema says:

  Good narration…

  Liked by 1 person

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s