അടിച്ചു മോനേ…!!

Posted: September 2, 2015 by Sankar Vijayakumar in Malayalam
Tags: , , , , ,
ഓരോ കഥക്കു പിന്നിലും അതിനു തിരി കൊളുത്തിയ ഒരു ചെറു തീപ്പൊരി കാണും. ആ തീപ്പോരിയെ ഊതി ഊതി ആളി കത്തിക്കുമ്പോഴാകാം ഒരു കഥ ജനിക്കുന്നത്‌. ഉദാഹരണത്തിനു സിനിമയുടെ കാര്യം തന്നെ എടുക്കാം. മുഖവുരകളൊന്നുമില്ലാതെ കഥയിലേക്ക് പോകുന്ന സിനിമകളാണ് അധികവും. എന്നാല്‍ ചില സിനിമകള്‍ക്ക്‌ ഒരു തലക്കെട്ടുണ്ടാകും: “ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ, മരണപ്പെട്ടവരോ ആയി യാതൊരു സാമ്യവും ഇല്ല. അഥവാ അങ്ങനെ തോന്നിയാല്‍ അത്‌ തികച്ചും യാദൃച്ഛികം മാത്രം”. Based on a true story! – ഇതാണു മൂന്നാമത്തെ വിഭാഗം. ഇവയില്‍ ഒന്നും പെടാത്ത നാലാമത്തെ ഐറ്റത്തെ നമുക്ക് സാധാരണ മത്സര പരീക്ഷകളില്‍ കാണുന്ന പോലെ : ‘Others’ അല്ലെങ്കില്‍ ‘മറ്റുള്ളവ’ എന്നു വിളിക്കാം. ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഇപ്പറഞ്ഞവയില്‍ മൂന്നാമത്തെ വിഭാഗത്തില്‍ പെടും. തെറ്റായ മേല്‍ വിലാസത്തില്‍ ലഭിച്ച ഒരു കത്തു പോലെ, ആളു മാറി വാട്സാപ്പ്‌ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു സുഹൃത്തിന്റെ ചാറ്റാണ് ഈ കഥക്കു തിരി കൊളുത്തിയത്‌. ഇനി നമുക്ക്‌ കഥയിലേക്ക് കടക്കാം. കഥ പറയാനുള്ള സൗകര്യത്തിനു തല്‍ക്കാലം ആ സുഹൃത്തിന്റെ വേഷം ഞാന്‍ ഏറ്റെടുക്കുന്നു.

ചിങ്ങമാസത്തിലെ ഒരു ഞായറാഴ്ച. തിരുവനന്തപുരത്തെ ഒരു കല്യാണ മണ്ഡപം. സമയം 11 മണി. വളരെ അടുത്ത ബന്ധുവിന്റെ കല്യാണമാണ്. അല്പം നേരത്തെ തന്നെ സ്ഥലത്തെത്തി. അവധി ദിവസമായത് കൊണ്ട്‌ നല്ല തിരക്കുണ്ട്‌. 11.30 നും 11.50 നും ഇടയിലാണു മുഹൂര്‍ത്തം. ഞാന്‍ കാഴ്ചകളൊക്കെ കണ്ടു സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ സംസാരിച്ചു സമയം തള്ളി നീക്കുന്ന തിരക്കിലാണ്. പന്തലില്‍ ചടങ്ങുകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും, സാധാരണ ഇതു പോലുള്ള എല്ലാ ചടങ്ങുകളിലുമുള്ള പ്രധാന ചടങ്ങ്‌ നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു: ജനിച്ചിട്ട് ഇന്നേവരെ കാണാത്തവരൊക്കെ വീട്ടുകാരോട്‌ കുശലാന്വേഷണം നടത്തിയ ശേഷം എന്നോട്‌ ഒരു ചോദ്യമുണ്ട്‌ –

“മോന്‌ എന്നെ മനസ്സിലായോ?”
“പിന്നേ.. എനിക്ക്‌ മനസ്സിലായി.”

ഒടുവില്‍ ചിരിച്ചു കൊണ്ട്‌ അവരെ യാത്രയാക്കിയ ശേഷം:

“അമ്മാ. ഇപ്പോള്‍ ഇവിടെ വന്നു സംസാരിച്ചിട്ട് പോയില്ലേ? അതാരാ?”
“എടാ, അതു നിനക്കു മനസ്സിലായില്ലേ? അതു നമ്മുടെ… ” ബന്ധുക്കളുടെ ഒരു നീണ്ട നിര തന്നെ അതിനു ശേഷം എന്റെ മുന്നില്‍ വരക്കപ്പെടും. ഒടുവില്‍ ഒന്നും മനസ്സിലാകാതെ എല്ലാം മനസ്സിലായെന്ന ഭാവത്തില്‍ ഞാന്‍ തല കുലുക്കി സമ്മതിക്കും.

സമയം 11:40, ചടങ്ങുകള്‍ തുടങ്ങി കഴിഞ്ഞു. പയ്യനും പെണ്‍കുട്ടിയും എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ മണ്ഡപത്തില്‍ കയറി ഇരുപ്പുറപ്പിച്ചു കഴിഞ്ഞു. മേളം തുടങ്ങി. ഇനി താലി കെട്ടുന്ന ചടങ്ങാണ്. മുന്നിലിരിക്കുന്നവരും പിന്നിലിരിക്കുന്നവരും പ്രായ-സ്ഥാന ഭേദമന്യേ ഇപ്പോള്‍ അവര്‍ക്ക് അഭിമുഖമായി പന്തലില്‍ കാണുന്നത്‌ താലി കെട്ടുന്ന ചടങ്ങല്ല, മറിച്ച് മത്സരിച്ചു മുന്നേറുന്ന ഒരു സംഘം ക്യാമറാമാന്‍മാര്‍ തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ്‌. ക്യാമറാമാന്‍മാര്‍ എന്നു പറയുമ്പോള്‍ പ്രൊഫഷണല്‍ വീഡിയോഗ്രാഫേര്‍സ് മുതല്‍ സ്മാര്‍ട്ട് ഫോണും പിടിച്ചു നില്‍ക്കുന്ന രണ്ടര വയസ്സുള്ള കുട്ടി വരെ ഉണ്ട്.. പിന്നെ സെല്‍ഫികളും ഫേസ്ബുക്ക് ലൈവും വേറെ ..

താലികെട്ട് കഴിഞ്ഞു. ആളുകള്‍ 5 ഗ്രൂപ്പായി തിരിഞ്ഞു:
1. ഊട്ട് പുരയിലേക്ക് (പയ്യന്റെ ടീമായത് കൊണ്ട്‌ നമ്മള്‍ ഈ കലാപരിപാടിയില്‍ നേരത്തെ തന്നെ പങ്കെടുത്തായിരുന്നു.)
2. തിരക്കുള്ളവര്‍ പുറത്തേക്ക്‌
3. ഫോട്ടം പിടിക്കാന്‍ ഉള്ളവര്‍ മണ്ഡപത്തിലേക്ക്
4. വലിയ തിരാക്കൊന്നുമില്ല. അതു കൊണ്ട് കുറച്ചു നേരം ഇരുന്നു കാറ്റ്‌ കൊണ്ടിട്ട് പോകാം.
5. മറ്റുള്ളവ.

ഫോട്ടോയും ചെണ്ട മേളവും സെല്‍ഫി മേളവും കഴിഞ്ഞു. സമയം 12:30. പതിവില്ലാതെ മൊബൈല്‍ ശബ്ദിച്ചു. വാട്സ്‌ആപ്പില്‍ ചാറ്റ്‍ വന്നതാണ്. സാധാരണ നട്ടുച്ചക്ക്‌ അങ്ങനെ ചാറ്റ്‍ വരാറില്ല. ഞാന്‍ വാട്സാപ്പ്‌ എടുത്തു നോക്കി. ഒരു നിമിഷം കൊണ്ട്‌ :-

“പകച്ചു പോയി എന്റെ യൗവനം”.

ഒന്നു കൂടി ആ പുതിയ ചാറ്റിന്റെ പ്രൊഫൈല്‍ ഫോട്ടോ എടുത്തു നോക്കി. താലപ്പൊലി കണ്ടപ്പോള്‍ തന്നെ മനസ്സില്‍ ആഴത്തില്‍ തറച്ചതാണ് ആ രൂപം. വിനീത് ശ്രീനിവാസന്‍ പറഞ്ഞ പോലെ – ഈ പടച്ചോന്‍ ആള് ശെരിക്കും ഒരു സംഭവാട്ടോ!! ചില കാര്യങ്ങള് നമ്മള്‍ വിട്ടാലും മൂപ്പരു മറക്കൂല.. മാട്രിമോണിയലില്‍ പിടി താരാത്ത കുട്ടികളോട്‌ ആദ്യമായി ഒരു ബഹുമാനം തോന്നിയ നിമിഷം. പക്ഷേ എന്തിനാണ്‌ കുട്ടി ഇങ്ങനെ ഒന്നിന് പുറകേ ഒന്നായി കല്യാണ ഫോട്ടോസ് അയക്കുന്നത്‌ എന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ലല്ലോ… ഇനി പറയാനുള്ള കാര്യങ്ങള്‍ പ്രതീകാത്മകമായി പറയുന്നതാണോ? അവസാനം ഞാന്‍ ഉള്‍പ്പെട്ട ഒരു ഫോട്ടോയോട് കൂടി ആ നമ്പറില്‍ നിന്നുള്ള ചാറ്റുകള്‍ നിലച്ചു. മനസ്സില്‍ പിന്നെയും ഒരുപാടു സംശയങ്ങള്‍ ബാക്കിയായി – ഏതാ ഈ കുട്ടി? എന്റെ നമ്പര്‍ എവിടുന്നു കിട്ടി? എന്നെ മുന്‍ പരിചയമുണ്ടോ? … കല്യാണപ്പെണ്ണിന്റെ ബന്ധു ആയിരിക്കും. അല്ല, കല്യാണപ്പെണ്ണിന്റെ ബന്ധു തന്നെയാണ് – താലപ്പൊലി എടുത്തല്ലോ! അപ്പോള്‍ അതങ്ങട് ഉറപ്പിക്കാം. എന്തായാലും ഇങ്ങോട്ട്‌ വന്നു മുട്ടിയ സ്ഥിതിക്ക്‌ അങ്ങോട്ടും മുട്ടി ഒന്നു നോക്കാം. വാട്സാപ്പ്‌ തന്നെ ശരണം:

“hi. ente peru aneesh. sorry. enikku aale sherikkum manasilayilla…”
“njan Gayathri”

ഗായത്രി കൊള്ളാം. നല്ല പേര്‌. “ഗായത്രി അനീഷ്”. ഓഹ്! വലിയ കുഴപ്പമില്ല!

“enthu cheyyunnu?”
“btech final year.”

ഉം.. ബിടെക് കൊറേ കണ്ടിട്ടുണ്ട്‌.. മ്മടെ ബിടെക്! അതും കൊള്ളാം. കോളേജ് ചോദിക്കണോ! അല്ലേല്‍ വേണ്ട.. അത്‌ പിന്നെ ചോദിക്കാം. തല്‍ക്കാലം ഇതു വച്ച് ഒന്നു ഫേസ്ബുക്കില്‍ തപ്പി നോക്കാം. എന്തെങ്കിലും ക്ലൂ കിട്ടാതിരിക്കില്ല. “GAYATHRI THIRUVANANTHAPURAM BTECH” – ഇതു മതി. ഇതു മതീ… സര്‍ച്ച്‌!! ങേ, എന്റെ നാട്ടില്‍ ഇതിനും മാത്രം ഗായത്രികളോ? ഈശ്വരാ.. ദേ, മഴവില്‍ കളര്‍ പ്രൊഫൈല്‍ ഫോട്ടോസ്. സൂക്ഷിച്ചു നോക്കിയാല്‍ പേരിലും ചെറിയ സ്പെല്ലിങ്ങ് മിസ്ടേക്ക്‌ ഉണ്ട്‌. പക്ഷേ ഫോട്ടോസ് കൂടുതലും ടെഡീ ബിയറും ബാര്‍ബീ ഡോളുമാണു. പിന്നെ ഉള്ളതൊക്കെ കണ്ണും മൂക്കും ചെവിയും ഒക്കെയാണ് .. ഇതിനൊന്നും മുഖമില്ലേ! വേണ്ട, ഫേസ്ബുക്ക് വേണ്ട. ജോലി ഉണ്ടായിരുന്നേല്‍ ലിങ്ക്ഡ് ഇന്നില്‍ നോക്കാമായിരുന്നു, അതാകുമ്പോള്‍ ഒരു പ്രൊഫഷണല്‍ ടച്ചും വന്നേനെ. ശെടാ, ഞാന്‍ എന്തിനാ വെറുതെ സര്‍ച്ച്‌ ചെയ്ത്‌ ബുദ്ധിമുട്ടുന്നത്‌? കാര്യങ്ങള്‍ നേരിട്ട് ചോദിച്ചാല്‍ പോരേ?

“btw auditoriyathil evida irikkunnathu?”
“frontila.. left sidil”
“entha dressinte color?”
“white.”
“aaha! njanum white aanu.”
“:)”

എന്റെ കണ്ണുകള്‍ ആഡിട്ടോറിയത്തിന്റെ ഇടത് ഭാഗത്തെ സീറ്റുകള്‍ പരതി. ആ വെള്ള ചുരിദാറിട്ട കയ്യില്‍ മൊബൈലും പിടിച്ചു കൊണ്ടിരിക്കുന്ന കുട്ടി ഞാന്‍ ഉദ്ദേശിച്ച താലപ്പൊലി കുട്ടി തന്നെ! അടിപൊളി!! ഇതുവരെ എല്ലാം വളരെ ശരിയാണ്.. ഇനി ഇപ്പോള്‍ സംശയങ്ങള്‍ ഒന്നും ബാക്കി വയ്ക്കേണ്ട.. എല്ലാം നേരിട്ട് തന്നെ അങ്ങ് ചോദിച്ചേക്കാം. (ഈ സംശയങ്ങള്‍ എന്ന് പറയുമ്പോള്‍ എന്റെ നമ്പര്‍ എവിടുന്നു കിട്ടി? എന്നെ എങ്ങനെയാ പരിചയം ? എവിടെ വച്ചാ കണ്ടിട്ടുള്ളത് ? .. അങ്ങനങ്ങനെ .. ഇത് പോലെ തന്നെ എന്നെ പറ്റി എന്തേലും അറിയാന്‍ ഉണ്ടേല്‍ അതൊക്കെ വളരെ സമയമെടുത്ത് നന്നായി വിസ്തരിച്ചു പറയാന്‍ ഞാനും റെഡിയാണ് .)

“njan kandilla.. kayi onnu pokkamo?”
“ok.”
“ippol kandu..”

അങ്ങോട്ട്‌ പോയി സംസാരിക്കണോ? അല്ലേല്‍ വേണ്ട! വാട്സാപ്പില്‍ ഉണ്ടല്ലോ.. കുറച്ച്‌ വെയ്റ്റ് ഇടാം! മൊബൈല്‍ ഒന്നു കൂടി വിറച്ചു. ഓ! വീണ്ടും ചാറ്റ്‍ ഇട്ടോ!

“athe.. njan photos ayachathu aunty paranjitta..”
“entha? entha paranje???.. ethu aunty?”
“ente right sidil 2 seat kazhinjirikkunna aunty.. chettante amma.. kalyanam sherikku kanan pattathathu kondu njan edutha photos ayakkan thannathu ee numberaanu..”

വീണ്ടും ഒന്നു കൂടി: “പകച്ചു പോയി എന്റെ യൗവനം”. ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ ഫാനിന്റെ കാറ്റേറ്റ ചീട്ട്‌ കൊട്ടാരം പോലെ തകര്‍ന്നു വീണു. കുറച്ചു മുന്നേ വരെ കേട്ട ആ നല്ല പാട്ട് കഴിഞ്ഞു, ഇപ്പോള്‍ ഒരു പുതിയ ശോക ഗാനമാണ്. എല്ലാം സ്ലോ മോഷനിലായത് പോലെ ഒരു തോന്നല്‍. ഇതൊരുമാതിരി ഉറങ്ങി കിടന്നവനെ വിളിച്ചുണര്‍ത്തിയിട്ട് ഊണില്ല എന്നു പറഞ്ഞത് പോലെ ആയി പോയി! എന്നാലും എന്നോട്‌…!!

“number kodutha karyam amma ennodu nerathe paranjayirunnu.. appol sheri.. pinne kanam.. poyittu kurachu thirakkundu.. bye.”
“bye”

പിന്നെ ഒട്ടും താമസിച്ചില്ല. മൊബൈലില്‍ അമ്മയെ വിളിച്ചു.

“അമ്മാ.. പോകാം? എനിക്ക് പോയിട്ട്‌ കുറച്ചു അത്യാവശ്യമുണ്ട്‌.”
“കുറച്ചു കൂടി കഴിഞ്ഞ്‌ പോയാല്‍ പോരേ?”
“അല്ല.. അച്ഛനും എന്തോ ആവശ്യമുണ്ടെന്നു പറഞ്ഞായിരുന്നു.”
“ഓ.. എന്നാല്‍ ഞാന്‍ ഇറങ്ങാം.”
“പിന്നേ, ഇറങ്ങുമ്പോള്‍ വലത് വശത്ത്‌ കൂടി ഇറങ്ങിയാല്‍ മതി. ഞങ്ങള്‍ ആ സൈഡിലാണ്‌.”
“ശരി”!!


ആളു മാറി വാട്സാപ്പ്‌ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട സുഹൃത്തിന്റെ ചാറ്റ്‍, അതിതാണ്:
“എന്റെ പേര്‌ അനീഷ്.
അയ്യോ!
സോറി.
ചാറ്റ്‍ മാറി പോയി.” !!

Comments
  1. nirmalkv says:

    Interesting one (Y) Oru short filmnu scope undu 😀

    By the bye, “aneesh” ennu paranja aale manasilakilla ennu vicharicho nee !! Nee oru bhudhimaananu !! 😛

    Liked by 1 person

  2. kris says:

    വല്ലാത്ത കൊലച്ചതിയായിപ്പോയി.

    Liked by 1 person

  3. Nanayitt und narration

    Liked by 1 person

How's it? Your comments and suggestions...