പടക്കം..!!!

Posted: November 11, 2015 by Sankar Vijayakumar in Malayalam
Tags: , , , , ,
“അളിയാ, ഇയാള്‍ക്കിട്ടൊരു പണി കൊടുക്കണം. ഇങ്ങേര് പറഞ്ഞിട്ടല്ലേ നമ്മള്‍ ഈ വിഷയമെടുത്ത്‌ തലയില്‍ വച്ചത്. എന്നിട്ടു ഇപ്പോള്‍ മാര്‍ക്കുമില്ല, ഒരു കൊപ്പുമില്ല.. യൂണിവേര്‍സിറ്റി പരീക്ഷക്ക് ജയിച്ചാല്‍ മതിയായിരുന്നു..”

“അതേ.. വിവരമുള്ളവന്മാര്‍ മറ്റെ വിഷയമെടുത്തു.. നമ്മള്‍ കുറേ ഒന്നിനും കൊള്ളാത്തവന്മാര്‍ ഇതിലും വന്നു പെട്ടു.. നീ പറഞ്ഞ പോലെ പെട്ടതല്ലാ.. ഓരോന്ന് പറഞ്ഞ്‌ കുഴീല്‍ കൊണ്ട്‌ ചാടിച്ചു.. ലോകത്താരുമെടുക്കാത്തൊരു പേപ്പറും, ആര്‍ക്കും മനസ്സിലാകാത്ത കുറേ തിയറികളും..”

“ഉം.. അടുത്തയാഴ്ച ദീപാവലി അല്ലേ.. എനിക്കൊരു ബുദ്ധി തോന്നുന്നുണ്ട്..”

“രമേശാ.. നിന്റെ കൂടെ ഞാനുണ്ടെടാ.” സുധാകരന്‍ രമേശനു പിന്തുണ പ്രഖ്യാപിച്ചു. മുരളി സാറാണു ഇപ്പറഞ്ഞ സംഭാഷണത്തിലെ മൂന്നാമന്‍.

കഥ നടക്കുന്നത്‌ എഴുപതികളിലാണ്‌. മൊബൈല്‍ യുഗത്തിനും കമ്പ്യൂട്ടറിനും മുന്നേ പച്ചയായ മനുഷ്യര്‍ മാത്രം കേരളത്തില്‍ ജീവിച്ചിരുന്ന കാലഘട്ടം. രമേശനും സുധാകരനും ബിരുദത്തിനു പഠിക്കുന്ന സമയം. കേരളത്തിലെ വളരെ പഴക്കം ചെന്നൊരു കോളേജ്‌. ചുവന്ന ചായം പൂശിയ ചുവരുകള്‍, വിശാലമായ ക്ലാസ് മുറികള്‍, അവയോടു ചേര്‍ന്ന് നല്ല വീതിയുള്ള ഇടനാഴികള്‍. കഥകള്‍ക്കും, കലഹങ്ങള്‍ക്കും കുശലാനേഷണങ്ങള്‍ക്കും സാക്ഷിയാകുന്ന ഒട്ടനവധി തണല്‍ മരങ്ങള്‍.

ഒടുവില്‍ ആ ദിവസം വന്നെത്തി. സമയം ഉച്ചയോടടുക്കുന്നു. അടുത്തത്‌ മുരളി സാറിന്റെ ക്ലാസ്സാണ്‌. പഠന കാര്യങ്ങളില്‍ മുരളി സാര്‍ വളരെ കണിശക്കാരനായ ഒരു അധ്യാപകനാണ്‌. സാര്‍ ക്ലാസ്സില്‍ വന്നാല്‍ ആദ്യം കയ്യിലിരിക്കുന്ന പുസ്തകം മേശപ്പുറത്ത് വയ്ക്കും. ബോര്‍ഡിനോട്‌ ചേര്‍ന്ന് ഒരു പ്ലാറ്റ്‌ഫോം പോലെ ഒരു തിട്ടയുണ്ട്, അതിന്മേലാണ് മേശ. പുസ്തകം വച്ച ശേഷം സാര്‍ മേശ ഒന്നു മുന്നിലേക്കും പിന്നിലേക്കും വലിച്ചു നീക്കി അതു ബോര്‍ഡിനും തിട്ടക്കും സമാന്തരമായി ഇടും. സിമ്മന്റ്‌ കൊണ്ടുള്ള തറയായതിനാല്‍ മേശ നിരക്കുന്ന ശബ്ദം അല്പം ഉച്ചത്തിലായിരിക്കും. അതിനു ശേഷം 2 ചുവട് പുറകിലേക്ക് മാറി നിന്ന് ഒന്നു കൂടി നോക്കി മേശയുടെ സ്ഥാനം കൃത്യമാണെന്ന് ഉറപ്പ്‌ വരുത്തും. മേശയുടെ കാര്യത്തില്‍ ഒരു തീരുമാനമായിക്കഴിഞ്ഞാല്‍ സാര്‍ വിദ്യാര്‍ത്ഥികളെ എല്ലാവരേയും ഒന്നു നോക്കും. അടുത്തത്‌ ഹാജര്‍ വിളിയാണ്. അതിനു മുന്നേ ഒരു കാര്യം കൂടി പറയും: “Those who don’t want to attend the class may please get out.”

അന്ന് പതിവിനു വിപരീതമായി ബെല്ലടിക്കും മുന്നേ രമേശനും സുധാകരനും ക്ലാസ്സിലെത്തി. രണ്ട്‌ പേരും മുഖം താഴ്ത്തി താഴേക്ക് നോക്കിക്കൊണ്ട്‌ ഏറ്റവും അവസാനത്തെ ബെഞ്ചില്‍ പോയി ഇരുന്നു. 3 വരികളിലായി 18 ബെഞ്ചുകളാണ്‌ അവിടുള്ളത്. അവര്‍ ഇരുവരും പരസ്പരം നോക്കി പുരികം കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. രമേശന്‍ പതുക്കെ തന്റെ ബെല്‍ ബോട്ടം പാന്റിന്റെ പോക്കറ്റില്‍ കയ്യിട്ട്‌ ചുരുട്ടി മടക്കിയ ഒരു പേപ്പര്‍ പൊതി പുറത്തെടുത്തു. സാവധാനം അത്‌ തുറന്നു. പൊതിയ്ക്കുള്ളില്‍ അല്പം നീണ്ട തിരിയുള്ള ഒരു ഓല പടക്കം. അതെടുത്ത്‌ ബെഞ്ചിന്‍മേല്‍ വച്ച ശേഷം ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നൊരു സിഗററ്റെടുത്ത് പടക്കത്തിന്റെ തിരിയുടെ അറ്റത്തായി സസൂക്ഷ്മം നൂലു കൊണ്ട്‌ വച്ചു കെട്ടി. ഈ സമയം കൊണ്ട്‌ സുധാകരന്‍ മുന്നില്‍ പോയി മേശയുടെ നാലു കാലിനും കീഴെ ഈരണ്ട് പൊട്ടാസ് വീതം വച്ചു. അപ്പോഴേക്കും ബെല്ലടിച്ചു. രമേശന്‍ സിഗററ്റിന്‌ തിരി കൊളുത്തി മേശ ഇട്ടിരിക്കുന്ന തിട്ടയുടെ ഒരു വശത്തോട്‌ ചേര്‍ത്ത്‌ പടക്കമിട്ട ശേഷം തിരികെ വന്നിരുന്നു. ക്ലാസ്സിലേക്ക് കയറി വരുമ്പോള്‍ പടക്കം കിടക്കുന്നത്‌ കാണാന്‍ പറ്റില്ല.

രണ്ടും പേരും വളരെ അക്ഷമരായി സാര്‍ വരുന്നതും കാത്തിരിപ്പാണ്‌. രമേഷന്‍ ഇടക്കിടെ നഖം കടിക്കുന്നുണ്ട്‌. സുധാകരന്റെ ശ്രദ്ധ മുഴുവന്‍ വാതില്‍ക്കലാണ്. പുറത്ത് ചെറുതായി കാറ്റടിക്കുന്നുണ്ട്, ഇതു കണ്ട സുധാകരന്‍ പടക്കം വച്ചതിന്‌ അടുത്തുള്ള ജന്നല്‍ പകുതി അടച്ച് കാറ്റ് പടക്കത്തിലേക്ക് അടിക്കുന്നില്ല എന്നു ഉറപ്പ് വരുത്തി. കാറ്റേറ്റ് സിഗററ്റ് പെട്ടന്നു കത്താതിരിക്കാനാണ്‌ അവനങ്ങനെ ചെയ്തത്‌.

പ്രതീക്ഷകള്‍ക്ക് വിപരീതമായി അവരെ എവരേയും അമ്പരിപ്പിച്ചു കൊണ്ട്‌ നന്ദിനി ടീച്ചര്‍ ക്ലാസ്സിലേക്ക് കയറി വന്നു. ടീച്ചര്‍ ഒഴികെ എല്ലാരും എഴുന്നേറ്റ് നിന്ന് തിരിഞ്ഞു പുറകിലെ ബെഞ്ചിലേക്ക് നോക്കി. രമേശനും സുധാകരനും എന്തു ചെയ്യണമെന്നറിയാതെ ഇടി മിന്നലേറ്റ പോലെ അന്ധാളിച്ച് ഇരിപ്പാണ്‌. അവര്‍ പരസ്പരം നോക്കി. ‘സമയമില്ല. എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ’. രണ്ട്‌ പേരും ഒരേ സമയം പതുക്കെ ബെഞ്ചില്‍ നിന്നെഴുന്നേറ്റു. ഒരാള്‍ ടീച്ചറുടെ ശ്രദ്ധ തിരിക്കുമ്പോള്‍ മറ്റെയാള്‍ പടക്കമെടുത്ത്‌ മാറ്റണം. അതാണ് പ്ലാന്‍. അവര്‍ ബെഞ്ചിന്റെ വിപരീത വശങ്ങളില്‍ നിന്നും പുറത്തിറങ്ങി, സാവധാനം മുന്നോട്ട്‌ നടന്നു. മനസ്സില്‍ ഒറ്റ പ്രാര്‍ഥന മാത്രം : “ഈശ്വരാ.. പടക്കം പൊട്ടല്ലേ.” ടീച്ചര്‍ അറ്റന്‍ണ്ടന്‌സ് റെജിസ്റ്റര്‍ കയ്യിലെടുത്തു..

‘ഠോ’ ..

ക്ലാസ് മുറിയിലെ വന്യമായ നിശബ്ദതയെ ഭേദിച്ച് കൊണ്ട് കാതടപ്പിക്കുന്ന ഒച്ചയോടെ പടക്കം പൊട്ടി. അറ്റന്‍ണ്ടന്‌സ് റെജിസ്റ്റര്‍ പറന്ന് പൊങ്ങി. ഞെട്ടി തെറിച്ച ടീച്ചര്‍ പിന്നോട്ട്‌ മാറി മേശമേല്‍ കൈ കുത്തി. മേശ അല്പം നിരങ്ങി നീങ്ങി, ഒപ്പം തന്നെ സുധാകരന്‍ വച്ച പൊട്ടാസ്സും പൊട്ടി. സത്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ശരിക്കും മനസ്സിലാകും മുന്നേ ടീച്ചറുടെ ബോധം പോയി.

ഒരാഴ്ച സസ്പെന്‍ഷന്‍ – അതായിരുന്നു ആ തമാശക്ക് കിട്ടിയ പ്രതിഫലം. അധികം വൈകാതെ ആ അധ്യന വര്‍ഷവും കടന്നു പോയി. ഒരാളൊഴികെ, മറ്റെല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കൊണ്ട്‌ മുരളി സാറിന്റെ വിഷയത്തില്‍ രമേശനും സുധാകരനും പാസ്സായി. ആ ഒരാള്‍ മുരളി സാര്‍ തന്നെയായിരുന്നു. പരീക്ഷാ ഫലം അറിയിച്ചപ്പോള്‍ ഒരു പുഞ്ചിരി മാത്രമായിരുന്നു സാറിന്റെ മറുപടി. ഒരുപാട് അര്‍ത്ഥങ്ങളുള്ള ഒരു പുഞ്ചിരി !!

Comments
  1. Akhila says:

    what was behind that smile 😉

    beautifully written..

    Liked by 1 person

  2. apm says:

    Three-day quote challenge. You can check the rules in my post
    https://apm26.wordpress.com/2015/12/16/3-days-3-quotes-challenge-day-1/

    Liked by 1 person

  3. GJ says:

    very nice, really curiosity building, whts gona happened next whats gona happen next…. nice write up. 🙂

    Liked by 1 person

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s