പെട്ടന്ന് ബസ് നിര്‍ത്തി. റോഡില്‍ ഉത്സവ കലാശക്കൊട്ടിന്റെ ഭാഗമായി അമ്പലത്തിലെ ഭഗവതി എഴുന്നള്ളുന്ന ചടങ്ങ് നടക്കുകയാണ്. ഒരുപാട് പ്ലോട്ടുകളും, കലാരൂപങ്ങളും, ചെണ്ടമേളവും, പടക്കം പൊട്ടിക്കലും, ആര്‍പ്പുവിളികളുമൊക്കെയയായി നാട്ടുകാരെല്ലാം ആഘോഷത്തിമിര്‍പ്പില്‍ റോഡ് നിറഞ്ഞു പോകുന്നു. ഒരു സംഘം പോലീസുകാരും അവര്‍ക്കിടയിലുണ്ട്. ഇടക്കിടെ വാഹനങ്ങളെ കടത്തി വിടുന്നുണ്ട്. എന്നിരുന്നാലും അല്‍പ സമയം കൊണ്ട് മുന്നിലെന്ന പോലെ ബസിന്റെ പിന്നിലും ഒരു നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. കാര്യമറിയാതെ ഹോണ്‍ മുഴക്കിയവര്‍ സംഗതി മനസ്സിലാക്കിയപ്പോള്‍ നിശബ്ദരായി. ചില ബൈക്കുകള്‍ തിരക്കില്‍ ഊളിയിട്ട് മറു ഭാഗത്തേക്ക് തുഴയാനുള്ള ശ്രമം നടത്തുന്നുണ്ട്. ബസ് നിര്‍ത്തിയതിന്റെ കാര്യമറിയാന്‍ യാത്രക്കാര്‍ ജനല്‍ വഴി തല പുറത്തേക്കിട്ട് നോക്കി. നവരസങ്ങളില്‍ ശൃംഗാരവും ഹാസ്യവും ഒഴികെയുള്ള ഭാവങ്ങള്‍ പല മുഖങ്ങളിലായി തെളിഞ്ഞു. ചിലര്‍ എഴുന്നള്ളിപ്പിനെ എതിര്‍ത്ത് ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി, മറ്റു ചിലര്‍ “വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമല്ലേ ഉള്ളൂ, ദൈവകാര്യമാണ്” – എന്നു പറഞ്ഞു അവരെ വിലക്കുന്നു. മൂന്നാമത്തെ വിഭാഗം യാത്രക്കാര്‍ നിസംഗ ഭാവം കൈക്കൊണ്ടു.
അതേ സമയം 2 യാത്രക്കാര്‍ തമ്മില്‍:
“ഇത് ഉടനെ എങ്ങാനും കഴിയുമോ?”
“ഇല്ലെന്നാ തോന്നുന്നത്.. അമ്പലത്തിലേക്ക് കുറച്ചു ദൂരമുണ്ട്.”
“ഓഹ്.. എന്റെ ട്രെയിന്‍ 9 മണിക്കാണ്. ഇനി ഇപ്പോള്‍ എന്താ ചെയ്യുക? വേറെ വണ്ടി പിടിച്ചു പോകാന്‍ പറ്റുമോ? ഓട്ടോയോ മറ്റോ?”
“റെയില്‍വെ സ്റ്റേഷനിലേക്ക് ഇതല്ലാതെ വേറെ വഴിയില്ല. ഇപ്പോള്‍ ഇവിടുന്നു വേറെ വണ്ടി കിട്ടാനും പാടാണ്..”
“അടുത്ത ട്രെയിന്‍ നാളെ രാവിലയെ ഉള്ളൂ. അതു കൊണ്ട് ട്രെയിന്‍ കിട്ടിയില്ലേല്‍ ഇവിടെ ഏതേലും ലോഡ്ജില്‍ തങ്ങുകയല്ലാതെ വേറെ വഴിയില്ല. വീട്ടില്‍ ഭാര്യയും 3 വയസ്സുള്ള മകനും മാത്രമേ ഉള്ളൂ, ഞാന്‍ ഇറങ്ങുമ്പോള്‍ അവന് നേരിയ പനിക്കോളുണ്ടായിരുന്നു.”
“ഘോഷയാത്ര വളരെ പതുക്കയാണ് നീങ്ങുന്നത്. 9 മണിക്ക് എന്തായാലും ബസ് അവിടെ എത്തില്ല. എന്റെ ഒരു ഫ്രണ്ടിന്റെ ലോഡ്ജ് റെയില്‍വെ സ്റ്റേഷന്റെ അടുത്തുണ്ട് . വേണേല്‍ വിളിച്ചു റൂമുണ്ടോന്നു തിരക്കാം.”
“എന്തായാലും ഞാന്‍ ആദ്യം വീട്ടിലേക്ക് ഒന്നു വിളിക്കട്ടെ.”
ബസ് ഒച്ചിഴയുന്നതിലും മെല്ലെ മുന്നോട്ട് നീങ്ങുന്നുണ്ട്. ഉത്സവക്കാഴ്ച്ചകള്‍ ശ്രീധരന്‍ നായരുടെ ഓര്‍മ്മകളെ പിന്നോക്കം വലിച്ചു, അറുപതുകളുടെ മദ്ധ്യത്തിലേക്ക്, തന്റെ ചെറുപ്പകാലത്തേക്ക് :
വല്ല്യങ്കര ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങുന്ന ദിവസമായിരുന്നു അന്ന്. അവസാന പരിപാടിയായ ശൌരിക്കുന്നില്‍ ആശാന്റെ നേതൃത്വത്തിലുള്ള കമ്പക്കെട്ട്, ക്ഷേത്രത്തിന് സമീപമുള്ള കണ്ണെത്താ ദൂരത്തോളം നിവര്‍ന്നു കിടക്കുന്ന, കൊയ്ത്തു കഴിഞ്ഞ, ക്ഷേത്രം വക വയലില്‍ ആര്‍ഭാട പൂര്‍വം തുടങ്ങി കഴിഞ്ഞു. വയലിനു ഒത്തനടുക്കായി കമ്പപ്പുര കെട്ടിയിട്ടുണ്ട്. കമ്പക്കെട്ടിന് ആവശ്യമായ സാധന സാമഗ്രികള്‍ അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. സൂര്യ താപമേറ്റ് വെടിചു കീറിയ ചെളിക്കട്ടകള്‍ കൊണ്ട് നിറഞ്ഞ വയലില്‍ കെട്ടിയ കമ്പപ്പുരയിലെ സാധനങ്ങള്‍, ദിക്കുകള്‍ പൊട്ടുമാറ് ഉച്ചത്തില്‍ അട്ടഹസിക്കാനുള്ള തീപ്പൊരിക്കായി ചൂടോടെ കാത്ത് നില്ക്കുന്നു.
സമയം രാത്രി രണ്ടര കഴിഞ്ഞു. സ്ത്രീകളും കുട്ടികളും ഉത്സവപറമ്പ് വിട്ടു കഴിഞ്ഞു. ശ്രീധരന്‍ നായരും കൂട്ടുകാരും ഇപ്പോഴും കമ്പക്കെട്ടിന്റെ തിരക്കിലാണ്.
“എടാ അത് ചീറ്റി പോയെന്നാ തോന്നുന്നേ..”
“നില്‍ക്ക്, കുറച്ചു കൂടി നോക്കാം. ശൌരിയാശാന്റെ സൃഷ്ടിയല്ലേ, അങ്ങനൊന്നും ചീറ്റി പോകില്ല.”
“ചിലപ്പോള്‍ കത്തിച്ചത് ശരിയായി കാണില്ല.”
“ടാ രമേശാ, നീ എന്നെ പഠിപ്പിക്കാന്‍ വരല്ലേ. ഒന്നുമില്ലേലും നിന്നെക്കാള്‍ ഒന്നു – രണ്ടു ഓണം കൂടുതല്‍ ഉണ്ട പരിചയം എനിക്കില്ലേ.. ”
“എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞെന്നേ ഉള്ളൂ”
രമേശനും ശ്രീധരന്‍ നായരും ബാല്യം മുതല്‍ക്കേ സുഹൃത്തുക്കളാണ് .. ഒരു വളവിന്റെ 2 വശങ്ങളിലുള്ള വീടുകളിലാണ് അവര്‍ താമസിച്ചിരുന്നത്. ഉത്സവം തുടങ്ങിയാല്‍ ഏതു നേരവും അവരെ കൂട്ടുകാരോടൊത്തു അമ്പലപ്പറമ്പില്‍ കാണാം.
പടിഞ്ഞാറ് നിന്നും നല്ല തണുപ്പൂള്ള ഒരു ഇളം തെന്നല്‍, തെന്നി തെറിച്ച് അതു വഴി കിഴക്കോട്ട് വച്ചു പിടിച്ചു. അവസാനത്തെ പുക ചുരുളും ആന്തരീക്ഷത്തിലുയര്‍ന്ന് ആ കാറ്റിനൊപ്പം ലയിച്ച് യാത്രയായി. രമേശന്‍ ഒരു ബീഡി കത്തിച്ച് ചുണ്ടില്‍ തിരുകി പുകയൂതി, പുകയുടെ സാന്നിധ്യം നില നിര്‍ത്തി.
“എന്തോ കുഴപ്പമുണ്ട്.. ശെരിക്കു കത്തിക്കാണില്ല.”
“അത് വിട്. നമുക്ക് അടുത്തത് കത്തിക്കാം.”
“ഞാന്‍ ഒന്നു പോയി നോക്കിയിട്ട് വരാം.”
“വേണ്ടെടാ .. നീ അതിന്റെ അടുത്തേക്ക് പോകണ്ട.”
“ഓഹ്. എന്തായാലും ഇനി പൊട്ടുമെന്നു തോന്നുന്നില്ല.”
“ശ്രീധരാ വേണ്ട.. നമുക്കാവശ്യത്തിനുള്ളത് ഇനിയും ഒരുപാട് ഇവിടുണ്ടല്ലോ.”
“എന്നാലും അങ്ങനെ വിട്ടാല്‍ പറ്റില്ല. നീ അടുത്തത് എടുത്തു വയ്ക്ക്. ഞാന്‍ ഇപ്പോള്‍ വരാം.”
“അബദ്ധം കാണിക്കാതെ..”
“നീ കൈ വിട്. ഞാനിത് ആദ്യാമായിട്ടൊന്നുമല്ല.”
ശ്രീധരന്‍ മുന്നോട്ട് നീങ്ങി. കണ്ണുകള്‍ ലക്ഷ്യത്തില്‍ ഉറപ്പിച്ച്, ഓരോ ചുവടും അയാള്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് വച്ചു. മൂന്നടി ആകലത്തില്‍ അയാള്‍ നിന്നു. ‘ഇല്ല. തീ പൂര്‍ണ്ണമായും അണഞ്ഞു കഴിഞ്ഞിരിക്കുന്നു’.
‘എടാ രമേശാ.. ഇതു അണഞ്ഞു പോയി. നീ ഒരു തിരിയും ചൂട്ടും ഇങ്ങെടുത്തെ..’
രമേശന്‍ തിരിയും പുകയുന്ന ഒരു ചൂട്ടും ശ്രീധരനു കൈമാറി തിരിച്ചു പോയി. തിരി വയ്ക്കാനായി ശ്രീധരന്‍ കൈനീട്ടിയതും.. ‘ഠോ’.. ആ മുഴക്കത്തില്‍ ദിഗന്തങ്ങള്‍ നടുങ്ങി. ശ്രീധരന്‍ രണ്ടാള്‍ പൊക്കത്തില്‍ ഉയര്‍ന്ന് തറയില്‍ തലയും നെഞ്ചുമിടിച്ചു കമിഴ്ന്നു വീണു. നാട്ടുകാര്‍ ഓടി കൂടി. ചോരയില്‍ കുളിച്ചു കിടന്ന അയാളെ വളരെ പെട്ടന്നു വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു.
ഈ അപകടത്തെ തുടര്‍ന്ന് വല്ല്യങ്കര ക്ഷേത്രത്തില്‍ കമ്പക്കെട്ട് നിര്‍ത്തലാക്കി. 2 കൊല്ലം ആ ദേശത്തെ ഒരു വയലിലും കമ്പപ്പുരകള്‍ ഉയര്‍ന്നില്ല, പകരം പലയിടത്തും ഉയര്‍ന്നത് ഗോവസൂരി ക്യാമ്പുകളായിരുന്നു. നാട്ടില്‍ വസൂരി പടര്‍ന്നു. പഞ്ചായത്തും സര്‍ക്കാരും ചേര്‍ന്ന് പല വസൂരി നിര്‍മാര്‍ജന പദ്ധതികളും ആവിഷ്കരിച്ചു. എന്നിട്ടും ആശുപത്രികളില്‍ തിരക്ക് കൂടി കൂടി വന്നു. ഒടുവില്‍ അമ്പല കമ്മിറ്റി മീറ്റിംഗ് കൂടി പ്രശ്നം വച്ചു നോക്കാന്‍ തീരുമാനിച്ചു. ഒരു പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ മറ്റൊരു പ്രശ്നം എന്ന ആശയം കമ്മിറ്റി അംഗങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു! മെക്കോട്ട് കാവില്‍ രാമന്‍ നമ്പൂതിരിപ്പാടിനെ കൊണ്ട് വന്നു പ്രശ്നം വയ്പ്പിച്ചു.. “കമ്പക്കെട്ട് നിര്‍ത്തലാക്കിയതില്‍ ദേവി കോപിച്ചിരിക്കുകയാണ്. ദേവീ കോപമാണ് നാട്ടില്‍ വസൂരി വിതറുന്നത്.” – ജ്യോതിഷ പണ്ഡിതന്‍ അരുളി.
അങ്ങനെ കമ്പക്കെട്ട് കലാ പരിപാടി തിരികെ കൊണ്ട് വരാന്‍ അമ്പല കമ്മിറ്റി ഒന്നടങ്കം തീരുമാനിച്ചു. ഉത്സവം കോടിയിറങ്ങുന്ന ദിവസം വീണ്ടും വെടി മരുന്നു പൂശി. കമ്പക്കെട്ട് ഭയന്ന് വസൂരി നാട് വിട്ടു.
വര്‍ഷങ്ങള്‍ കടന്നു പോയി. ക്ഷേത്രം ക്ഷയിച്ചു തുടങ്ങി. ഉത്സവങ്ങള്‍ക്ക് മാറ്റ് കുറഞ്ഞു. ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ കമ്മിറ്റിയില്‍ നിന്ന് കൊഴിഞ്ഞു കൊണ്ടിരുന്നു. കമ്പക്കെട്ട് നടത്തിയിരുന്ന വയലേലകളില്‍ റബ്ബറും വാഴയും കപ്പയും നിറഞ്ഞു. ആരും പരിഭവിച്ചില്ല. ദീപാവലിക്ക് പടക്കം പേടിച്ചു വീട്ടില്‍ നിന്നിറങ്ങിയോടുന്ന പട്ടികള്‍ തിരിച്ചു വരാതിരിക്കുന്നത് പോലെ കമ്പക്കെട്ട് പേടിച്ചു നാട് വിട്ട വസൂരിയും ആ നാട്ടിലേക്ക് പിന്നീട് തിരികെ വന്നില്ല.
ഘോഷയാത്ര മെയിന്‍ റോഡില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു. ശ്രീധരന്‍ നായര്‍ വര്‍ത്തമാന കാലത്തിലേക്ക് മടങ്ങി വന്നു..
“വീട്ടിലേക്ക് വിളിച്ചിട്ട് എന്തായി?”
“കുഴപ്പമൊന്നുമില്ല.. മോന് പനി കുറവുണ്ട്.. പിന്നെ അവളുടെ അച്ഛന്‍ വീട്ടില്‍ വന്നിട്ടുണ്ട്.. നാളെയെ പോകൂ.. ഞാന്‍ ഇന്ന് ഇവിടെ ഏതെങ്കിലും ലോഡ്ജില്‍ താമസിച്ചിട്ട്, നാളെ വരാം എന്നും പറഞ്ഞിട്ടുണ്ട്..”
“നന്നായി.. എല്ലാം ദേവിയുടെ അനുഗ്രഹം!!”
ബസ് സ്റ്റാന്‍റ്റെത്തി. ശ്രീധരന്‍ സൈഡില്‍ ചാരി വച്ചിരുന്ന തന്റെ തടിപ്പിടിയുള്ള കാലന്‍ കുടയെടുത്തു. വെള്ളം കളയാനെന്നോണം പതുക്കെ ബസിന്റെ സൈഡില്‍ തട്ടി ചെറുതായൊന്നു കുടഞ്ഞു. ശേഷം കുട കുത്തി പതുക്കെ സീറ്റില്‍ നിന്നെഴുന്നേറ്റു. ചുവരിലെ എഴുത്തില്‍ മെല്ലെ കൈ കൊണ്ട് തടവി – “അംഗ പരിമിതന്‍” !!
good one, connecting to kollam explosion
LikeLiked by 2 people
Sankar, you became so matured as a writer. Keep going buddy. All the best!
LikeLiked by 1 person