സുകുമാര കുറുപ്പ് ..!!

Posted: February 19, 2022 by Sankar Vijayakumar in Malayalam
Tags: , , , , ,

ലേബർ റൂമിന്റെ വാതിൽ ഇടത് കൈ കൊണ്ട് അകത്തേക്ക് അൽപ്പം തുറന്ന് പിടിച്ചു കൊണ്ട് തല പുറത്തേക്കിട്ട്, സിസ്റ്റർ വിളിച്ചു പറഞ്ഞു: “കുറുപ്പിന് ആൺ കുഞ്ഞാണ്..” രണ്ടു പേർ സന്തോഷത്തോടെ മുന്നോട്ടാഞ്ഞു ഒരേ സ്വരത്തിൽ: “സിസ്റ്റർ, കുഞ്ഞിനെ കാണാൻ… ” പറഞ്ഞു നിർത്തി, ചോദ്യ ഭാവത്തിൽ അന്യോന്യം നോക്കി. കാര്യം മനസ്സിലായ സിസ്റ്റർ: “മാർക്കണ്ഡേയ കുറുപ്പിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞിട്ടില്ല. കുറച്ചു കൂടി സമയമെടുക്കും. മാധവ കുറുപ്പിന്റെ ഭാര്യ ആണ് പ്രസവിച്ചത്.”

ഒരു കാര്യം പറയാൻ മറന്നു – നിങ്ങൾ അറിയുന്ന, അല്ലെങ്കിൽ കേട്ട് പരിചയമുളള – ആ കുറുപ്പല്ല ഈ കുറുപ്പ്‌. ദുൽക്കർ സൽമാന്റെ സിനിമയുമല്ല. ഇത് മറ്റൊരു പാവം കുറുപ്പ്. എന്തായാലും വന്ന സ്ഥിതിക്ക് ഈ കുറുപ്പിനെ കൂടി ഒന്ന് പരിചയപ്പെട്ടിട്ട് പോകാം.

1984 വരെ നല്ല പേരുകളുടെ ഗണത്തിലായിരുന്ന ഈ കഥയുടെ പേര്, പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ വരവോടെ ആ കൂട്ടത്തിൽ നിന്നും ചവിട്ടി പുറത്താക്കപ്പെട്ടു. “നിനക്കൊരു മകനുണ്ടായാൽ എന്റെ പേരിടണം” എന്ന് മുത്തച്ഛൻ, മാധവ കുറുപ്പിനോട്‌ പറഞ്ഞപ്പോൾ – കുപ്രസിദ്ധരുടെ പട്ടികയിൽ ഈ പേരില്ലായിരുന്നു. മേൽ പറഞ്ഞ ആശുപത്രി സീനിൽ മാധവ കുറുപ്പിന് ഒരു മകൻ പിറന്നത് അറിഞ്ഞല്ലോ. അൽപ്പം വിഷമത്തോടെ ആണെങ്കിലും കൊടുത്ത വാക്ക് മാറ്റാൻ അദ്ദേഹം തയ്യാറായില്ല. പേരിടൽ ചടങ്ങിൽ ആ കുഞ്ഞു ചെവിയിൽ അദ്ദേഹം നീട്ടി വിളിച്ചു- “സുകുമാര കുറുപ്പ്‌. സുകുമാര കുറുപ്പ്‌.. സുകുമാര കുറുപ്പ്‌…!!” എന്നാൽ ഭാര്യയുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി സ്കൂളിൽ ചേർത്തപ്പോൾ പേര് അൽപ്പം പരിഷ്കരിച്ചു: സുകുമാർ എം കുറുപ്പ്‌!

കുഞ്ഞു സുകുമാറിന് തൻ്റെ പേരിനോട് യാതൊരു പരിഭവമോ പരാതിയോ ഇല്ലായിരുന്നു, എന്ന് മാത്രമല്ല ചില കാര്യങ്ങളിൽ പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു. അബ്ദുള്ളയും അഭിജിത്തും ആദ്യത്തെ ബെഞ്ചിൽ ടീച്ചറിന്റെ തൊട്ടടുത്ത് ചുവരു അഭിമുഖമായി പരീക്ഷകൾ എഴുതിയിരുന്നപ്പോൾ, അവൻ അവസാന ബെഞ്ചിൽ ചുവരും ചാരി “Give and take” പോളിസി follow ചെയ്ത് ഉത്തരങ്ങൾ എഴുതുന്ന തിരക്കിലായിരുന്നു. സ്‌കൂളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത ദിവസം അവസാനം കരഞ്ഞത് അവനായിരുന്നു, കാരണം അന്ന് വിഷ്‌ണു ലീവ്‌ ആയത് കൊണ്ട് ക്ലാസ്സിൽ അവസാന കുത്ത് അവന്റെ ഇളം ചന്തിക്കായിരുന്നു. ഹെഡ്മാസ്റ്റർ നോട്ട് ബുക്ക്‌ പരിശോധിക്കാൻ റോൾ നമ്പർ അനുസരിച്ച് ഓരോരുത്തരെയായി വിളിച്ചപ്പോൾ, എന്തെങ്കിലുമൊക്കെ തട്ടിക്കൂട്ടി ബുക്ക്‌ നിറക്കാൻ extra time കിട്ടിയിരുന്നു. കൂടാതെ മമ്മദിന്റെ നോട്ടിന്റെ അവസാന പേജുകൾ കണ്ട് അവന് തല്ലു കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ, തന്റെ നോട്ടിലെ അവസാന മൂന്ന് പേജുകൾ കുഞ്ഞു സുകു കീറി കളഞ്ഞു – ഒപ്പം പല കുഞ്ഞു രഹസ്യങ്ങളും. കൃത്യനിഷ്ഠയില്ലായ്‌മ കൂടപ്പിറപ്പായത് കൊണ്ട് ആ അവസാന നമ്പറുകാരൻ പലപ്പോഴും ഭാഗ്യം കൊണ്ട്‌ മാത്രം തന്റെ ഊഴത്തിന് മുന്നേ ക്ലാസ്സിൽ എത്തി.

അതിനിടെ സുകുമാർ എം കുറുപ്പ്‌ ചുരുങ്ങി വെറും കുറുപ്പ് മാത്രമായി. സുകുമാർ എന്ന പേര് കടലാസുകളിൽ മാത്രമായി ഒതുങ്ങി. അങ്ങനെയിരിക്കെ ഏഴാം തരത്തിൽ വച്ച് മറ്റൊരു കുറുപ്പ് കൂടി ആ ക്ളാസ്സിൽ വന്നു. അനീഷ് കെ കുറുപ്പ്. അതോട് കൂടി കുറുപ്പ് വിളി മാറുമെന്ന് പ്രതീക്ഷിച്ചിരുന്ന സുകുമാറിന് തെറ്റി. അന്ന് മുതൽ അല്പം പൊക്ക കൂടുതൽ ഉള്ള അനീഷ് “വലിയ” കുറുപ്പും, സുകു “കൊച്ചു” കുറുപ്പുമായി.

2003 ലെ കലണ്ടർ മേയ് മാസക്കണക്ക് പറഞ്ഞു തുടങ്ങിയപ്പോഴേക്കും കുഞ്ഞു സുകു വളർന്ന് പത്താം തരം എത്തി. മറ്റൊന്നിനും വിളിച്ചില്ലെങ്കിലും SSLC മാർക്ക് അറിയാൻ കൃത്യമായി ബന്ധുക്കൾ വിളിച്ചിരുന്ന കാലം. റിസൾട്ട് വന്ന ശേഷമുള്ള ആദ്യ അപ്രഖ്യാപിത കുടുംബ യോഗങ്ങളിൽ (കല്യാണം, മരണം, നൂലുകെട്ട് ….) ഒരു പരദൂഷണ വിഷയം ഇതായിരുന്നു. “അവന് അത്രയും കിട്ടിയോ?”, “ഇങ്ങനെ ട്യൂഷന് പോയിട്ട് അവൾക്ക് ഇത്രയേ കിട്ടിയുള്ളോ?”, “അയ്യോ, നന്നായി പഠിക്കുന്ന പയ്യനായിരുന്നല്ലോ, എന്ത്‌ പറ്റി?” , “ഒട്ടും പഠിക്കൂലാന്നല്ലേ പറഞ്ഞത്, പിന്നെങ്ങനെ ഇത്രേം കിട്ടി” -അങ്ങനങ്ങനെ.. പിന്നെ കുറേ താരതമ്യപ്പെടുത്തലുകളും. റെസിഡൻസ് അസോസിയേഷൻ മീറ്റിംഗിലും മറ്റു കൂട്ടായ്‌മ കളിലും നല്ല മാർക്ക് വാങ്ങിയവരെ അനുമോദിചക്കുന്ന ചടങ്ങ് അന്നും ഉണ്ടായിരുന്നു. പിൽക്കാലത്ത് SSLC സർട്ടിഫിക്കറ്റ് പലപ്പോഴും വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമായി ഒതുങ്ങാറാണ് പതിവ്‌ എന്നത് മറ്റൊരു പ്രപഞ്ച സത്യമായി ഇന്നും അവശേഷിക്കുന്നു.

ആ സമയത്താണ്‌ “ഫോർ ദി പീപ്പിൾ” സിനിമ റിലീസ് ആകുന്നത്. പത്താം ക്ലാസ് പരീക്ഷ സ്ഥിരമായി ഏറ്റുമുട്ടാറുള്ള ഉത്സവങ്ങളുടെ ഒപ്പം പുതിയ ഒരു എതിരാളി കൂടി. ഒരുപക്ഷേ ആദ്യത്തെ ന്യൂ ജനറേഷൻ സിനിമ എന്ന് വിളിക്കാവുന്ന ഈ പടം കാണാൻ അന്നത്തെ ന്യൂ ജനറേഷൻകാർ തീയറ്ററുകളിൽ തടിച്ചുകൂടി. ഉത്സവപ്പറമ്പുകളിലെ ലൗഡ് സ്പീക്കറുകൾ നാല് പാട്ട് പാടുമ്പോൾ ഒരു “ലജ്ജാവതി” നിർബന്ധം എന്ന പോലെ പാടിക്കൊണ്ടിരുന്നു. പാട്ടിനൊപ്പം തുള്ളിക്കളിച്ച്, വായിൽ കൊള്ളാത്ത ഇംഗ്ലീഷും പാടി സുകു അമ്പലത്തിൽ പോയി രണ്ട് കറുത്ത സെല്ലോ ഗ്രിപ്പർ പേനകൾ പൂജിച്ചു വാങ്ങി. അതിനു മുന്നത്തെ കൊല്ലം അവിടെ പൂജിച്ച പേന കൊണ്ടെഴുതിയ അഖിലേഷേട്ടന് 547/600 മാർക്ക് കിട്ടിയെന്ന് കേട്ടപ്പോഴേ സുകു ഇത് ഉറപ്പിച്ചിരുന്നതാണ്. പേന തരാൻ നേരം പോറ്റി ഒന്നൂടെ നെഞ്ചോട് ചേർത്ത് മാനത്തേക്ക് നോക്കി കണ്ണടച്ച് ജപിക്കുന്നത് കൂടി കണ്ടപ്പോൾ സുകുവിന്റെ വിശ്വാസം ഇരട്ടിച്ചു. ഒടുവിൽ “നന്നായി പഠിക്കണം കേട്ടോ” എന്നും പറഞ്ഞു പൂജാരി പേനകൾ കയ്യിലേക്ക് ഇട്ടു കൊടുത്തപ്പോൾ സുകുവിന്റെ മുഖത്ത് നല്ല ഉപ്പുള്ള ഒരു കോൾഗേറ്റ് പുഞ്ചിരിയുണ്ടായിരുന്നു.

പത്താം ക്ലാസ് പരീക്ഷാ ദിവസം വന്നെത്തി. മറ്റു ഡിവിഷനുകളുമായി ഇടകലർന്നപ്പോൾ പതിവിന് വിപരീതമായി സുകുവിന് ആദ്യത്തെ ബെഞ്ച് കിട്ടി. അടുത്തിരിക്കുന്നവനെ കൂടി കണ്ടപ്പോൾ സുകു ഒരു കാര്യം ഉറപ്പിച്ചു – ഈ പരീക്ഷ അവൻ ഒറ്റക്ക് തന്നെ എഴുതണം. മഷി തീരാറായ മെഷീനിൽ എടുത്ത ecg റിപ്പോർട്ട് പോലുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ, പൊട്ടിയതും പൊട്ടാത്തതുമായ കരിവളകൾ അടുക്കി വച്ച കണക്കെ മലയാളം, ഹിന്ദി ആണേൽ ഉണക്കാനിട്ട തുണികളെ കാറ്റത്ത് പിടിച്ച് നിർത്തുന്ന അയയുടെ ഒരുതരം symbolic representation. പോരാത്തതിന് “ഇവന്റെ പരീക്ഷ പേപ്പർ നോക്കുന്ന സമയം ഉണ്ടെങ്കിൽ വേറെ 3 പേപ്പറുകൾ എങ്കിലും നോക്കാം!!” – എന്ന് അധ്യാപകർ തന്നെ സ്ഥിതീകരിച്ചിട്ടുള്ള ശങ്കർ ആയിരുന്നു ആ ബെഞ്ചിന്റെ മറു തലക്കൽ.

ഭാഷാ പരീക്ഷകൾ കഴിഞ്ഞപ്പോൾ തന്നെ പൂജിച്ച പേനയും പൂജിക്കാത്ത പേനയും തമ്മിൽ അല്പം ചന്ദന പൊടിയുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം തിരിച്ചറിഞ്ഞ സുകു, അടുത്ത പരീക്ഷ തുടങ്ങും മുൻപ് സഹ ബെഞ്ചുകാരനോട് ഇപ്രകാരം പറഞ്ഞു : “അളിയാ, പടം വല്ലതും ഉണ്ടെങ്കിൽ കാണിച്ചു തരണം. പിന്നെ അതിലെ അടയാളപ്പെടുത്തലുകൾ, അത് നീ തന്നെ വായിച്ചു തരണം. എന്നെക്കൊണ്ട് നീ എഴുതിയ ഒരക്ഷരം പോലും വായിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..”

പത്തും പ്ലസ് ടുവും കഴിഞ്ഞ് ‘following the trend’ എന്നൊക്കെ പറയും പോലെ സുകു ബി-ടെക്കിനു ചേർന്നു. തോറ്റ പേപ്പറിനെ സപ്ലി എന്നൊരു മനോഹരമായ വാക്കിൽ പൊതിഞ്ഞു വയ്ക്കാം – എന്ന് പഠിച്ചത് അവിടെ വച്ചാണ്. പൊതികൾ ഒരുപാട് വേണ്ടി വന്നു എന്ന് മാത്രം. നാലാം വർഷത്തോട് അടുക്കുമ്പോൾ മുതൽ campus recruitments തുടങ്ങും. വിദ്യാർഥികളുടെ കണ്ണിൽ 2 തരം കമ്പനികൾ ആണ് വരുന്നത് – സപ്ലി ഉള്ളവരെ എടുക്കുന്ന കമ്പനികളും എടുക്കാത്ത കമ്പനികളും. ശേഷം സപ്പ്ളിയൊക്കെ എഴുതി പാസ്സായി സുകുവിന് ടെക്നോ പാർക്കിൽ ജോലി കിട്ടി.

ജോലി കിട്ടിയാൽ അടുത്ത സ്റ്റെപ്പ് കല്യാണം ആണല്ലോ. 26-27 വയസ്സില്‍ കല്യാണ ആലോചന തുടങ്ങി. 28 ആയിട്ട് നോക്കി തുടങ്ങിയാല്‍ മതി എന്നു സുകു നിര്‍ബന്ധം പിടിച്ചിരുന്നു. അപ്പോള്‍ ദേ വരുന്നു : “28 വയസ്സാകുമ്പോള്‍ കെട്ടാന്‍ പാകത്തിന് നിനക്ക് എവിടെയെങ്കിലും പെണ്ണ് റെഡി ആക്കി വച്ചിട്ടുണ്ടോ? ” – എന്ന ചോദ്യം ബന്ധുക്കളുടെ വക. “ഈ കല്ല്യാണം ഒക്കെ ഒരു luck ആണ്‌, സമയത്ത് നടന്നാല്‍ നടന്നു, ഇല്ലേല്‍ ഒരുപാട് താമസിക്കും.” – അമ്മേടെ വക ഒരു sentimental approach. ഇതൊന്നും പോരാഞ്ഞിട്ട് ജാതകം ജ്യോത്സ്യന്റെ അടുത്ത് കൊണ്ട് പോയപ്പോള്‍, അത് തിരിച്ചും മറിച്ചും നോക്കിയിട്ട് – മണിച്ചിത്രത്താഴിലെ തിലകന്‍ മോഡലില്‍: “ഉടനെ നടത്തണം, 28 കഴിഞ്ഞാല്‍ പിന്നെ ഇതിന്‌ പ്രതിവിധി ഇല്ല. It’s incurable!” പെട്ടിയിലെ അവസാനത്തെ ആണി ഒറ്റയടിക്ക് ഗംഭീരമാക്കിയ തച്ചന്റെ മുഖത്തെ ചാരിതാര്‍ത്ഥ്യത്തോടെ അദേഹത്തിന്റെ വക ഒരു ഉഗ്രന്‍ പ്രവചനം. (ഇപ്പറഞ്ഞ മാന്യ ദേഹത്തിന്റെ മോള് ജാതക പ്രകാരമുള്ള കെട്ട് പ്രായം കഴിഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം അഞ്ചെട്ട് ആയിട്ടുണ്ടായിരുന്നു). പോരേ പൂരം!! അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ സുകുവിന്റെ പേരില്‍ ഒരു മാട്രിമോണി അക്കൗണ്ട് അങ്ങട് ആരംഭിച്ചു.

അക്കൗണ്ടിൽ കേറിയ സുകു സ്വയം പറഞ്ഞു : “Well done my boy, entertainment ന്റെ കാര്യത്തില്‍ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഒക്കെ ഓച്ഛാനിച്ചു മാറി നില്‍ക്കും. വളരെ നേരത്തെ തന്നെ ഒരു അക്കൗണ്ട് വെറുതെ create ചെയ്ത് ഇടേണ്ടതായിരുന്നു.. എന്തോരം colors ആണ്‌!” ഒരേ സമയം താന്‍ ട്രഡീഷ്ണലും മോഡേണും പിന്നെ എന്തെല്ലാമോ ആണെന്നു കാണിക്കാന്‍ എന്നപോലെ അമ്പലം, ബീച്ച്, പാര്‍ട്ടി, കസിന്റെ കല്യാണം അങ്ങനങ്ങനെ – പല പല occasions ല്‍, പല പല locations ല്‍ വച്ചു എടുത്ത ഫോട്ടോകള്‍. ഇത് മാത്രമല്ല, കുഞ്ഞാവ, പൂച്ച കുട്ടി, teddy bear ഇതിലേതെങ്കിലും ഒരെണ്ണം കെട്ടി പിടിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ. പിന്നെ ചിലരുണ്ട് – ‍ friends ന്റെ കൂടെ നില്‍ക്കുന്ന ഒന്നോ രണ്ടോ ഫോട്ടോ മാത്രം ഇടും, അതില്‍ ഏതാ ആള്‍ എന്നു കണ്ടു പിടിക്കാന്‍ അവരെ തപ്പി ഫേസ്ബുക്ക്ലോ Instagram ലോ കേറണം. അപ്പോള്‍ കാണാം അവിടേം അതേ dp. വീണ്ടും confusion!! അധോലോകവുമായി connection ഉണ്ടെന്ന് സംശയിക്കുന്ന ചില പ്രൊഫൈലുകളും സുകു കണ്ടിട്ടുണ്ട്. Name : later, photo : not available. Location : not specified. age : not specified. occupation not specified, height : not specified, weight : not specified, father : not specified.. തുടങ്ങി “not specified” കളുടെ ഒരു കമനീയമായ ശേഖരം തന്നെ ഒരുക്കിവച്ചിട്ടുണ്ടാകും. ഇങ്ങനെ കഷ്ടപ്പെട്ടു എന്തിനാ profile ഉണ്ടാക്കി ഇടുന്നത് എന്ന് എത്ര ആലോചിച്ചിട്ടും സുകുവിന് ഒരു എത്തും പിടിയും കിട്ടിയില്ല. ദാവൂദ് ഇബ്രാഹിമിന്റെ മോളോ കൊച്ചു മോളോ ഒക്കെ ആയിരിക്കണം. എന്തായാലും അതവരുടെ Personal കാര്യം ആയിക്കണ്ട് അവൻ അതൊക്കെ വിട്ടു.

ഒരു ഫ്രീ മെമ്പര്‍ ആയിട്ടാണ് സുകു അക്കൗണ്ട് തുടങ്ങുന്നത്, പിന്നീട് വീട്ടുകാരുടെയും സാഹചര്യങ്ങളുടെയും സമ്മര്‍ദ്ദം മൂലം paid മെമ്പര്‍ ആകേണ്ടി വന്നു. Join ചെയ്ത ആദ്യത്തെ ഒരാഴ്ച ഇഷ്ടം പോലെ Requests വന്നു. “ശ്ശേ, ഞാന്‍ അത്രയ്ക്ക് സുന്ദരനും, സല്‍സ്വഭാവിയും, സുശീലനും സല്‍ഗുണസമ്പന്നനും ഒക്കെ ആണോ?” സ്വന്തം matrimonial ഫോട്ടോ നോക്കി സുകു സ്വയം പല പ്രാവശ്യം ചോദിച്ചു. ഒപ്പം അതൊന്നും ഉടനെ accept ചെയ്യേണ്ട, കുറച്ചു ദിവസം Wait ചെയ്തിട്ട് accept ചെയ്യാം എന്നും തീരുമാനിച്ചു. – “അല്ലേല്‍ അവര് വിചാരിക്കും ഞാനിവിടെ കെട്ടാന്‍ മുട്ടി തട്ടിന്‍ പുറത്ത് ഒറ്റ കാലില്‍ മേലോട്ട് നോക്കി തപസ്സാണെന്ന്.” (ഒരു കാര്യവുമില്ലാതെ അനാവശ്യ ഉപമ ഡയലോഗ്)

കൃത്യം ഒരാഴ്ച തികയുന്നതിനു മുന്നേ അവരുടെ Customer care ല്‍ നിന്നും മാധവ കുറുപ്പിന് വിളി വന്നു. “സാര്‍ മോന് ഇഷ്ടം പോലെ Requests വരുന്നുണ്ടല്ലോ Paid member ആയി കൂടെ?” പിന്നെ Paid member ആയാല്‍ ഉള്ള ഗുണഗണങ്ങളുടെ ഒരു നീണ്ട, നീണ്ട, നീണ്ട നിര തന്നെ അവതരിപ്പിക്കപ്പെട്ടു. Profile search ല്‍ സുകു ആദ്യം വരും, ഏതു പെണ്‍കുട്ടി login ചെയ്താലും സുകുവിന്റെ ഫോട്ടോ ആദ്യം കാണിക്കും, സുകുവിന്റെ ഫോട്ടോ യുടെ മുകളില്‍ സ്വര്‍ണ്ണ വളയം ഇടും, കല്യാണത്തിന് അവര് വന്ന് പാത്രം കഴുകി തരും എന്നു വരെ‍ പറഞ്ഞു കളഞ്ഞു. വൈകുന്നേരം വീട്ടില്‍ വരുമ്പോള്‍ അച്ഛൻ ഇതൊക്കെ സുകുവിനോട് പറയും. “അച്ഛാ interest അയക്കാന്‍ pay ചെയ്യേണ്ട, ഫോണ്‍ number എടുക്കേണ്ടി വരുമ്പോഴോ, message അയക്കേണ്ടി വരുമ്പോഴോ മതി paid account. പിന്നെ ഇങ്ങോട്ട് request ഇടുന്നവര്‍ Paid ആണേല്‍ നമ്മള്‍ accept ചെയ്യുമ്പോള്‍ നമ്മുടെ phone number അവര്‍ക്ക് തന്നെ എടുത്ത് വിളിക്കാവുന്നതാണ്, അതു പോലെ നമ്മള്‍ റിക്വസ്റ്റ് ഇടുമ്പോഴും അവരുടെ paid അക്കൗണ്ട് ആണേല്‍ ഇഷ്ടപെട്ടാല്‍ നമ്മുടെ നമ്പര്‍ അവര്‍ക്ക് എടുക്കാം. പിന്നെ നമ്മള്‍ just start ചെയ്തല്ലേ ഉള്ളൂ. ഇപ്പോഴേ pay ചെയ്യണോ? ” (ദി ടിപ്പിക്കല്‍ മലയാളി അര്‍ക്കീസ് attittude ഉള്ള സുകു വച്ചു കാച്ചി). “അവര് വിളിച്ചപ്പോള്‍ ഞാന്‍ Paid ആക്കാം എന്ന് സമ്മതിച്ചു പോയി, പോരാത്തതിന് ഇപ്പോള്‍ ചെയ്താല്‍ discount ഉം ഉണ്ടെന്ന്. നീ എന്തായാലും paid ആക്ക്.” – (ഈ discount നമുക്കൊരു weakness ആണല്ലോ .. അതല്ലേ ഓരോ മാസവും രണ്ടും മൂന്നും തവണ Amazon ഉം flipkart ഉം മത്സരിച്ച് ഓരോരോ പേരിട്ട് ഓരോരോ “sale” പടച്ചു വിടുന്നത്). കൂടാതെ അച്ഛനു support ആയി അമ്മയും എത്തി :”ഈ കല്ല്യാണം ഒക്കെ ഒരു luck ആണ്‌, സമയത്ത് നടന്നാല്‍ നടന്നു, ഇല്ലേല്‍ ഒരുപാട് താമസിക്കും. Pay ചെയ്തേക്ക് ” . ഇതൊന്നും പോരാത്തതിന്‌ സുകുവിന്റെ മാമന്റെ മകൻ തുടക്കം മുതല്‍ കല്യാണം കഴിയുന്നത് വരെ Paid member ആയിരുന്നത്രെ! (എന്നിരുന്നാലും പത്ര പരസ്യം വഴി ആണ് കല്യാണം നടന്നത് എന്ന തുണി ഉടുക്കാത്ത സത്യം വീട്ടുകാർ അപ്പോൾ പറഞ്ഞില്ല എന്ന കാര്യം ഇവിടെ bracket ഇട്ടു മൂടി വയ്ക്കുന്നു!)

അങ്ങനെ സുകുവിന്റെ കീശയും ചോര്‍ന്നു. Request കളുടെ എണ്ണം ദിനം പ്രതി കുറഞ്ഞ് വന്നു. തദ്ദവസരത്തില്‍ അവന്റെ നല്ലവരായ സുഹൃത്തുക്കള്‍ ആ അക്കൗണ്ട് വഴി അവര്‍ക്ക് ആവശ്യമുള്ള ഫോണ്‍ number കളും contact details ഉം യഥേഷ്ടം എടുത്തു കൊണ്ടു പോയി തുടങ്ങി (അതില്‍ പലരും അവന്റെ കല്യാണത്തിന് വന്നപ്പോള്‍ അവരുടെ അടുത്ത തലമുറയെ കൂടെ കൂട്ടിയിരുന്നു ).

അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ കടന്നു പോയി. പത്ര പരസ്യത്തിന്റെ കഥ വീട്ടിലും അറിഞ്ഞു, അമ്മായി ആ സത്യം ഇപ്രകാരം വെളിപ്പെടുത്തിയപ്പോൾ : “വളരേ കുറച്ചു ആൾക്കാരെ മാട്രിമോണിയൽ വഴി നോക്കുന്നുള്ളൂ. ബാക്കി എല്ലാരും ബന്ധുക്കൾ വഴിയും പത്രപരസ്യത്തിലൂടെയും ഒക്കെ ആണ്. സതീഷിന്റെ കാര്യം തന്നെ, എത്ര കൊല്ലം മാട്രിമോണിയൽ കൊടുത്തതാണ്. എന്നിട്ട് നടന്നോ? പത്രത്തിൽ വന്നതിന്റെ അന്ന് ഉച്ചക്കല്ലേ ജ്യോതീടെ വീട്ടുകാര് വിളിച്ചേ. പത്രത്തിൽ കൊടുത്തു നോക്ക്, ഉടനെ നടക്കും തീർച്ച.” ഇപ്പോൾ തന്നെ രണ്ട് മാട്രിമോണിയൽ സൈറ്റുകളിൽ പെയ്ഡ് മെമ്പർ ആയ താൻ ഇനി പത്രക്കാർക്കും പൈസ കൊടുക്കണോ എന്നായി സുകു. അമ്മ:”മോനെ സുകൂ, ഈ കല്ല്യാണം ഒക്കെ ഒരു luck ആണ്‌, സമയത്ത് നടന്നാല്‍ നടന്നു, ഇല്ലേല്‍ ഒരുപാട് താമസിക്കും. പത്രത്തിൽ കൂടെ കൊടുത്തേക്ക്..”

ഒടുവില്‍ മൂന്നാം വട്ടം പത്രത്തില്‍ പരസ്യം കൊടുത്തപ്പോള്‍ വന്ന ഒരു proposal ഉറപ്പിച്ചു. LIC പ്രീമിയം അടക്കുന്ന പോലെ 3-4 മാസം കൂടുമ്പോള്‍ സുകുവിന്റെ പൈസ തിന്നു ചീര്‍ത്ത മാട്രിമോണി വെബ്സൈറ്റുകള്‍ ഒരു പ്രത്യേക തരം ജാള്യതയോടെ അവനെ നോക്കി ചിരിച്ചു.

“ഹലോ”
“ടാ കുറുപ്പേ, എന്നാ ഉണ്ടെടാ?”
“ഓഹ്, അങ്ങനെ പോകുന്നെടാ.. എന്താടാ വിളിച്ചേ?” ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറാതെ സുകു തിരിച്ചു ചോദിച്ചു. നീണ്ട യാത്രയുടെ ക്ഷീണം കൊണ്ട്‌ അൽപ്പം മയങ്ങി പോയ ഭാര്യയും അമ്മായി അച്ഛനും അമ്മായി അമ്മയും കാറിന്റെ സ്പീക്കറിൽ പാട്ടിന് പകരം സംസാരം കേട്ടിട്ട് ഉറക്കത്തിൽ നിന്ന് ഉണർന്നു.
“ഞങ്ങൾ ഇവിടെ കൊച്ചിയിലാടാ.. ഒരു ചെറിയ കൂടൽ. നീ പിന്നെ ഇപ്പോൾ കുടുംബസ്ഥൻ ഒക്കെ ആയത് കൊണ്ടാ വിളിക്കാഞ്ഞെ..”
“അത് സാരമില്ല.. ഞാനും അൽപ്പം തിരക്കിലാ. നീ കാര്യം പറ.”
“ഇന്ന് ഒക്ടോബർ 2 ആണെന്ന് ഓർത്തില്ല. കുപ്പി കിട്ടാൻ എന്താ വഴി? അവസാനം നമ്മൾ കൂടിയപ്പോൾ നീ ആയിരുന്നല്ലോ അന്നദാതാവ്..”
“ഞാ.. ഞാനോ.. അതിന് ഞാൻ കുടിക്കില്ലല്ലോ..” (ഞെട്ടിയ സുകു ചെറുതായി ഒന്നു തല ചരിച്ചു നോക്കിയപ്പോൾ കാറിൽ എല്ലാവരും സുകുവിനെ നോക്കി അന്തം വിട്ട് ഇരിക്കുന്നു)
“ടേയ്.. വെറുതെ വിളച്ചിൽ എടുക്കല്ലേ.. നീ വിചാരിച്ചാൽ പെട്ടന്നു ഒപ്പിക്കാം എന്ന് ആരെക്കാളും നന്നായി എനിക്കറിയാം.”
“എടാ ഞാൻ ഡ്രൈവിങ് ആണ്.. അവളുടെ വീട്ടുകാരും ഉണ്ട്.. നീ എന്നെ തന്നെ ആണോ ഉദ്ദേശിച്ചത്?”

ഒരു നിമിഷത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല.

“അയ്യോ.. എടാ ഞാൻ അനീഷ് കുറുപ്പിനെ ആണ് വിളിച്ചത് .. മാറി പോയി.. sorry.. have a safe journey.”
“ഓക്കെ ടാ.. നോ പ്രോബ്ലം.. എൻജോയ്.”
ഫോൺ കട്ടായി.. വീണ്ടും പാട്ട് കേട്ടു തുടങ്ങി.

“എന്റെ schoolmate ആണ്. ബിനോയ്.” – പറഞ്ഞ ശേഷം ‘സംശയം ഒന്നുമില്ലല്ലോ’ എന്ന ഭാവത്തിൽ സുകു വീണ്ടും ഒന്നു തല ചരിച്ചു നോക്കി. ഇത്തവണ ആ മുഖങ്ങളിൽ “സമാധാനമായി” എന്ന ഭാവമായിരുന്നു.അമ്മായി അച്ഛൻ പതിയെ മൊബൈൽ എടുത്തു true caller ഇൽ സ്വന്തം നമ്പർ അടിച്ചു നോക്കി. സ്ക്രീനിൽ മിന്നിയ പേര് കണ്ട് അദേഹത്തിന് ആശ്വാസമായി: മാർക്കണ്ഡേയ കുറുപ്പ്. ഇതേ സമയം “occasional drinking” എന്ന് കൊടുത്തിരിക്കുന്നത് കൊണ്ടാണ് പെണ്ണ് കിട്ടാത്തത് എന്ന് ആരോ പറഞ്ഞത് കേട്ട്, അത് മാറ്റിയ കാര്യമോർത്ത് സുകുവും ആരും കാണാതെ നിഗൂഢമായ ഒരു ചിരി പാസ്സാക്കി.

ഒടുവിൽ ആ ദിവസവും വന്നെത്തി – കല്യാണം കഴിഞ്ഞാൽ അടുത്തതായി വീട്ടുകാരും നാട്ടുകാരും എന്നു വേണ്ട ഒരു പരിചയവും ഇല്ലാത്തവർ പോലും ചോദിക്കുന്ന ചോദ്യത്തിന് വിരമാമിടുന്ന ആ ദിവസം. ലേബർ റൂമിന് മുന്നിൽ കാലി സീറ്റുണ്ടായിട്ടും ഇരിക്കാനാകാതെ സുകു ടെൻഷൻ അടിച്ചു തേരാ പാരാ നടക്കുന്നുണ്ട്. ഇടക്കിടെ ആരേലും എന്തേലും വന്നു പറയുന്നുണ്ടോ എന്ന് പാളി നോക്കുന്നുമുണ്ട്. ലേബർ റൂമിന്റെ വാതിൽ അനങ്ങുന്നില്ല എന്ന് കണ്ടാൽ ഓടി ലിഫ്റ്റിന്റെ സൈഡിലെ ബാൽക്കണിയിൽ പോയി ദൂരേക്ക്‌ നോക്കി ജാതി മത ഭേദമന്യേ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ച് അതേ സ്പീഡിൽ തിരികെ എത്തും. ഓരോ നിമിഷവും മണിക്കൂറുകൾ പോലെ തോന്നുന്ന അവസ്ഥ.

ലേബർ റൂമിന്റെ വാതിൽ ഇടത് കൈ കൊണ്ട് അകത്തേക്ക് അൽപ്പം തുറന്ന് പിടിച്ച് കൊണ്ട് തല പുറത്തേക്കിട്ട്, സിസ്റ്റർ വിളിച്ചു പറഞ്ഞു: “കുറുപ്പിന്റെ .. ദൃശ്യയുടെ ഡെലിവറി കഴിഞ്ഞു. പെൺ കുഞ്ഞാണ്. അമ്മയും കുഞ്ഞും നന്നായി ഇരിക്കുന്നു. കുഞ്ഞിനെ Baby റൂമിലേക്ക് അൽപ്പം കഴിഞ്ഞു കൊണ്ടു വരും. അവിടെ wait ചെയ്തോളൂ.” “Thank you സിസ്റ്റർ.” സുകു സന്തോഷം കൊണ്ട് തുള്ളിച്ചാടി. അൽപ്പം കഴിഞ്ഞപ്പോൾ മൂന്നു ദിവസം മുന്നത്തെ ഒരു സംഭാഷണം അയാളുടെ തലയിൽ കൂടി ട്രെയിനോടിച്ച് പോയി:

“സുകുവേട്ടാ..”
“എന്താടി?”
“എനിക്കൊരു കാര്യം പറയാനുണ്ട്.”
“ആ പറ.”
“എന്റെ അമ്മയുടെ – അച്ഛനേം അമ്മയേയും പറ്റി സുകുവേട്ടന് അറിയാമോ?”
“ആ കേട്ടിട്ടുണ്ട്. പെണ്ണു കാണാൻ വന്നപ്പോൾ ആരോ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് അപ്പൂപ്പൻ ക്രിസ്ത്യൻ അമ്മൂമ്മയെ കല്യാണം കഴിച്ച കഥ അത്യാവശ്യം ഫേമസ് ആണല്ലോ.”
“ആ അത് തന്നെ..”
“അതിന്?”
“അമ്മൂമ്മ മരിക്കും മുന്നേ എന്നോടൊരു കാര്യം പറഞ്ഞിരുന്നു.”
“എന്ത് കാര്യം?”
“എനിക്കൊരു പെണ്കുഞ്ഞുണ്ടായാൽ അമ്മൂമ്മയുടെ പേരിടണം എന്ന്‌”
“അത്രയേ ഉള്ളോ.. അത്‌ നമുക്കിടാം. ആട്ടെ, എന്തായിരുന്നു അമ്മൂമ്മയുടെ പേര്?”
“ജോളി ജോസഫ്”!!!

Comments
  1. Suslov Babu says:

    🤣 nice ending .. 4 varshatte edavelaykku shesham thirichetti alle 😁

    Liked by 2 people

How's it? Your comments and suggestions...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s